കുറഞ്ഞ ചെലവില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി

hajj

റിയാദ്: കുറഞ്ഞ ചെലവില്‍ ഹജ്ജ് നിര്‍ഹിക്കുന്നതിന് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്. മക്കയിലെ അസീസിയയില്‍ താമസിക്കുന്നവര്‍ക്കാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുന്നത്. എന്നാല്‍ ഇത് പ്രയോജനപ്പെടുത്തുന്നത് വിദേശ തീര്‍ഥാടകരാണെന്ന് ആഭ്യന്തര തീര്‍ഥാടകര്‍ പരാതിപ്പെട്ടു.

കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനുളള പാക്കേജിന്റെ പ്രയോജനം ലഭിക്കുന്നവരില്‍ 95 ശതമാനവും രാജ്യത്തെ വിദേശികളാണ്. ഹജ്ജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷനുള്ള ഇ-ട്രാക്ക് പ്രവര്‍ത്തനക്ഷമമാകുന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ വിദേശികള്‍ കൂട്ടത്തോടെ രജിസ്റ്റര്‍ ചെയ്യും. ഇത് പ്രയോജനപ്പെടുത്തുന്നതിന് സ്വദേശികള്‍ക്ക്് കഴിയുന്നില്ലെന്നാണ് പരാതി. കുറഞ്ഞ നിരക്കിലുളള പാക്കേജുകളില്‍ പകുതി സീറ്റുകള്‍ സ്വദേശികള്‍ക്ക് നീക്കിവെക്കണമെന്ന് സ്വദേശികള്‍ ആവശ്യപ്പെട്ടു.

കുറഞ്ഞ ചെലവില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കുന്ന പാക്കേജുകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സ്വദേശികളുടെ ആവശ്യം. വിദേശികളില്‍ ഉയര്‍ന്ന വരുമാനം ഉളളവരാണ് കുറഞ്ഞ പാക്കേജില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനുളള അവസരം പ്രയോജനപ്പെടുത്തുന്നത്. ഡോക്ടര്‍, എഞ്ചിനീയര്‍, പ്രൊഫസര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വദേശി പൗരന്മാരെക്കാള്‍ ഉയര്‍ന്ന വരുമാനം ഉളളവരാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ഹജ്ജ് അപേക്ഷയോടൊപ്പം ശമ്പള സര്‍ട്ടിഫിക്കറ്റും സമര്‍പ്പി്ക്കുന്ന വ്യവസ്ഥ നടപ്പിലാക്കണം. ഹജ്ജ് മന്ത്രാലയം അടുത്ത വര്‍ഷം പുതിയ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സ്വദേശികള്‍ ആവശ്യപ്പെട്ടു.

DONT MISS
Top