‘മുങ്ങിത്താഴുന്ന’ പരിശീലകനെ രക്ഷപ്പെടുത്തുന്ന ആനക്കുട്ടി;വീഡിയോ

വീഡിയോയില്‍ നിന്നും

വീഡിയോയില്‍ നിന്നും

ആനയും പാപ്പാനും തമ്മിലുള്ള സ്‌നേഹത്തിന്റെ പലതരത്തിലുള്ള കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. കേട്ട് മറന്ന കഥകളേക്കാള്‍ രസകരമായൊരു കാഴ്ച്ചയിതാ. തന്റെ പരിശീലകന്‍ വെള്ളത്തില്‍ മുങ്ങി താഴുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷയ്ക്കായി ഓടിയെത്തിയ ആനക്കുട്ടിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഖാം ലാ എന്ന ആനക്കൂട്ടിയും ഡാറിക്ക് എന്ന പരിശീലകനും തമ്മിലൂള്ള സ്‌നേഹത്തിന്റെയും അടുപ്പത്തിന്റേയും തെളിവാണ് ഈ ദൃശ്യങ്ങള്‍.

ഉത്തര തായ്‌ലാന്റിലെ പ്രശസ്തമായ എലഫെന്റ് നേച്ച്വര്‍ പാര്‍ക്കില്‍ നിന്നുമുള്ളതാണ് വ്യത്യസ്തമായ ഈ കാഴ്ച. പാര്‍ക്കിലെ നദിയില്‍ നീന്തുകയായിരുന്നു ഡാറിക്ക്, കരയിലൂടെ നടക്കുകയായിരുന്ന ഖാം ലാ എന്ന കൊച്ചു ഗജവീരന്‍ വെള്ളത്തില്‍ കയ്യിട്ടടിക്കുന്ന തന്റെ സുഹൃത്തിനെ കണ്ടതും രക്ഷിക്കാനായി നദിയിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. ഡാറിക്കിന് അരികിലേക്ക് നീന്തിയെത്തിയ ഖാം ലാ അയാളെ തന്റെ തുമ്പിക്കൈയില്‍ കോരിയെടുത്ത് അതിവേഗം മറുകരയിലേക്ക് കയറുന്നതും ദൃശ്യത്തില്‍ കാണാം.

മൃഗങ്ങളെ സ്‌നേഹിച്ചാല്‍ അവ തിരിച്ച് നമ്മേയും സ്‌നേഹിക്കുമെന്ന് തെളിയിക്കുന്ന വീഡിയോ ഒക്ടോബര്‍ 12-നാണ് യുടൂബില്‍ അപ്ലോഡ് ചെയ്യുന്നത്. ഇതിനോടകം 2.2 മില്ല്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

DONT MISS
Top