രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപെരുപ്പനിരക്ക് കുറഞ്ഞു; റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയോടെ വ്യവസായിക മേഖല

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മുംബൈ: ചില്ലറ വിലയ്ക്ക് പിന്നാലെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള പണപെരുപ്പനിരക്കും കുറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം താഴ്ന്നതാണ് പണപെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. ഇതോടെ വീണ്ടും മുഖ്യ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുമെന്ന് വ്യാവസായിക മേഖല പ്രതീക്ഷ പ്രകടിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിന് ഏറെ ആശ്വാസം നല്‍കുന്ന പണപെരുപ്പനിരക്ക് കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിരിക്കുന്നത്. ചില്ലറവിലയെ അടിസ്ഥാനമാക്കിയുളള ഓഗസ്റ്റിലെ പണപെരുപ്പനിരക്കായ 5.05 ശതമാനത്തെ അപേക്ഷിച്ച് സെപ്തംബറില്‍ 4.31 ശതമാനമായി താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള പണപെരുപ്പനിരക്കും സമാനമായി താഴ്ന്നത്. മൊത്തവിലയെ അടിസ്ഥാനമാക്കിയുളള ഓഗസ്റ്റിലെ പണപെരുപ്പനിരക്ക് 3.74 ശതമാനമായിരുന്നു. ഇതാണ് സെപ്റ്റംബറില്‍ 3.57 ശതമാനമായി താഴ്ന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മയപ്പെട്ടതാണ് മൊത്തവില സൂചികയെയും സ്വാധീനിച്ചത്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള പച്ചക്കറിയുടെ വിലക്കയറ്റനിര്‍ണയത്തില്‍ നാണ്യച്ചുരുക്കം ദ്യശ്യമായതാണ് ഇതിന് മുഖ്യകാരണം.

inflation

സെപ്തംബറില്‍ പച്ചക്കറി വിലക്കയറ്റത്തില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജൂലായ് മാസത്തില്‍ പച്ചക്കറി വിലയില്‍ 28.45 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. സെപ്തംബറില്‍ നെഗറ്റീവ് 10.91 ശതമാനമായിട്ടാണ് വിലക്കയറ്റനിരക്ക് താഴ്ന്നത്. സവാളയുടെ വില ക്രമാതീതമായി താഴ്ന്നതാണ് പച്ചക്കറി വിലയില്‍ മുഖ്യമായി പ്രതിഫലിച്ചത്. എന്നാല്‍ പയറുവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം അതേപോലെ തുടരുകയാണ്. സെപ്തംബറില്‍ പയറുവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം 23.99 ശതമാനമാണ്. ഉരുളക്കിഴങ്ങിന്റെയും, പഴവര്‍ഗ്ഗങ്ങളുടെയും വിലക്കയറ്റവും തുടരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പച്ചക്കറികള്‍ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം ഇക്കാലയളവില്‍ 5.75 ശതമാനമായി താഴ്ന്നു. ഓഗസ്റ്റില്‍ ഇത് 8.23 ശതമാനമാണ്. ഇതോടെ വീണ്ടും റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാകുമെന്ന് വ്യാവസായികലോകം പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ പണവായ്പനയത്തില്‍ മുഖ്യപലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ പുറത്തു വന്ന വ്യാവസായികോല്‍പ്പാദന സൂചിക, പണപെരുപ്പനിരക്ക് കണക്കുകള്‍ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് അവസരം നല്‍കുമെന്ന് വ്യാവസായികമേഖലയിലുളളവര്‍ അഭിപ്രായപ്പെടുന്നു. ഡിസംബറിലാണ് റിസര്‍വ് ബാങ്കിന്റെ അടുത്ത പണവായ്പനയ പ്രഖ്യാപനം.

DONT MISS
Top