‘പിച്ചിലല്ല കാര്യം ബൗളിംഗിലാണ്’; ഹര്‍ഭജന് കോഹ്ലിയുടെ മറുപടി

കോഹ്ലി-ഹര്‍ഭജന്‍

കോഹ്ലി-ഹര്‍ഭജന്‍

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം കരസ്ഥമാക്കിയപ്പോള്‍ പ്രശംസകള്‍ ഏറെയും തിരിഞ്ഞത് സ്പിന്നര്‍ അശ്വിനിലേക്കായിരുന്നു. പരമ്പരയില്‍ മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 27 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. നാട്ടില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായും അശ്വന്‍ മാറിയിരുന്നു. 22 മത്സരങ്ങളില്‍ 153 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. 63 മത്സരങ്ങളില്‍ 350 വിക്കറ്റുകളുമായി നിലവിലെ പരിശീലകനായ കുംബ്ലെയാണ് ഇക്കാര്യത്തില്‍ മുന്നില്‍.

അശ്വിനെ എല്ലാവരും പ്രശംസിക്കുന്നതിനിടയില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്റെ ട്വീറ്റ് വന്നു. അശ്വിന്റെ മികവിനെ തെല്ല് പരിഹസിക്കുന്നതായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. സ്പിന്നിനെ തുണയ്ക്കുന്ന ഇത്തരം പിച്ചുകള്‍ തുടക്കത്തില്‍ ലഭിച്ചിരുന്നെങ്കില്‍ തന്റെയും കുംബ്ലെയുടേയും വിക്കറ്റ് നേട്ടം മികച്ചതാകുമെന്നായിരുന്നു ട്വീറ്റിന്റെ സാരം.

എന്നാല്‍ ഇതിന് ചുട്ടമറുപടിയുമായി ക്യാപ്റ്റന്‍ കോഹ്ലി രംഗത്തെത്തി. എത്ര ടേണിംഗ് പിച്ച് ആയാലും നന്നായി പന്തെറിഞ്ഞാലേ വിക്കറ്റ് കിട്ടൂ എന്നായിരുന്നു കോഹ്ലി ഇതിനോട് പ്രതികരിച്ചത്. ടേണിംഗ് വിക്കറ്റായാലും നിങ്ങള്‍ നന്നായി പന്തെറിഞ്ഞേ പറ്റൂ. പിച്ചിന്റെ സഹായം കൊണ്ടു മാത്രമല്ല പന്ത് സ്പിന്‍ ചെയ്യുന്നത്. പന്തില്‍ നിങ്ങള്‍ കാട്ടുന്ന വൈവിധ്യവും തോളിന്റെ ഉപയോഗവും ഒക്കെ അതില്‍ ഘടകങ്ങളാണ്. ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍ ഇന്ത്യയെ തകര്‍ത്തപ്പോള്‍ അവരുടേത് ലോകോത്തര സ്പിന്നര്‍മാരാണെന്ന് പുകഴ്ത്തി. ഇന്ത്യന്‍ താരങ്ങളെ എഴുതിത്തള്ളുകയും ചെയ്തു. അതേ സ്പിന്നര്‍മാര്‍ തന്നെയാണ് ടെസ്റ്റ് പരമ്പരയിലും ന്യൂസിലന്‍ഡ് നിരയില്‍ കളിച്ചത്. എന്തുകൊണ്ട് അവര്‍ക്ക് വിക്കറ്റ് നേടാന്‍ കഴിഞ്ഞില്ല. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. കോഹ്ലി പറഞ്ഞു.

ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്നും കോഹ്ലി അഭിപ്രായപ്പെട്ടു. ഏതുവിക്കറ്റിലും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണെന്ന് ബൗളര്‍മാര്‍ തെളിയിച്ചിരിക്കുകയാണെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.

DONT MISS
Top