വെറും തള്ളുമാമനല്ല, സ്പില്‍ബര്‍ഗ് അഭിനയിക്കാന്‍ ക്ഷണിച്ച ആദ്യ ഇന്ത്യക്കാരന്‍; കേട്ടറിവിനേക്കാള്‍ വലുതാണ് ഗോപകുമാറെന്ന സത്യം

പുലിമുരുകനില്‍ ഗോപകുമാര്‍

പുലിമുരുകനില്‍ ഗോപകുമാര്‍

തള്ളാശാന്‍.. പുലിമുരുകനിലെ കടുത്തയെന്ന കാട്ടുമൂപ്പനെ ട്രോളന്മാരും നവമാധ്യമ ഉപയോക്താക്കളും വിളിച്ച പേരിങ്ങനെ. വായ തുറന്നാല്‍ നാട്ടുകാരെ പുകഴ്ത്തുന്ന ശീലമുള്ളയാളെന്ന പേരില്‍ വന്ന ട്രോളുകള്‍ക്കും കയ്യും കണക്കുമില്ല. പക്ഷെ, ഈ ട്രോളന്മാര്‍ക്കൊന്നും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഗോപകുമാറുണ്ട്. ലോക സിനിമയുടെ തലതൊട്ടപ്പനായ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ്, ഇപ്പോളെല്ലാവരും തള്ള് മാമനെന്ന് വിളിച്ച് കളിയാക്കുന്ന ഈ ഗോപകുമാറെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതും ചില്ലറസിനിമയിലൊന്നുമല്ല, സാക്ഷാല്‍ ജുറാസിക് പാര്‍ക്കിലാണ് അഭിനയിക്കാന്‍ ക്ഷണിച്ചതും.  മാത്രമല്ല, മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരിലൊരാളാണ് അദ്ദേഹം. പക്ഷെ താരാരധനയ്ക്ക് ചുറ്റും വട്ടംകറങ്ങുന്ന മലയാളസിനിമ, ഈ മഹാപ്രതിഭയെ വേണ്ടത്ര പരിഗണിച്ചില്ല എന്നതാണ് സത്യം.  അതെ, കേട്ടറിവിനേക്കാള്‍ വലുതാണ് ഗോപകുമാറെന്ന സത്യം.

വിധേയനിലെ തൊമ്മിയെ മറക്കുമോ ലോകം

വിധേയനില്‍ മമ്മൂട്ടിയും ഗോപകുമാറും

വിധേയനില്‍ മമ്മൂട്ടിയും ഗോപകുമാറും

ലോകസിനിമയിലെ തന്നെ പ്രതിഭാധനരായ സംവിധായകരിലൊരാളായ അടൂര്‍ ഗോപാലകൃഷ്ണനാണ് എം ആര്‍ ഗോപകുമാര്‍ എന്ന അഭിനയ പ്രതിഭയെ മലയാളിയ്ക്ക് പരിചയപ്പെടുത്തുന്നത്. അടൂരിന്റെ മതിലുകളായിരുന്നു ഗോപകുമാറിന്റെ ആദ്യ ചിത്രം. പക്ഷെ ചിത്രത്തില്‍ വേണ്ടത് പോലെ ശ്രദ്ധിക്കപ്പെടാന്‍ ഗോപകുമാറിന് സാധിച്ചില്ല. 1993 ല്‍ അടൂരിന്റെ വിധേയന്‍ ഗോപകുമാറിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ് മാറുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഗോപകുമാറിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. 1997 ല്‍ ഗോപാലന്‍ നായരുടെ താടി എന്ന ചിത്രത്തിലൂടെ വീണ്ടും ഗോപകുമാര്‍ സ്റ്റേറ്റ് അവാര്‍ഡിന് അര്‍ഹനായി. പിന്നേയും ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ഗോപകുമാര്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. എന്നാല്‍ കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങി പോവേണ്ട നടനായിരുന്നില്ല ഗോപകുമാര്‍ എന്നതാണ് വാസ്തവം.

സ്പില്‍ബര്‍ഗ് സിനിമയിലേക്ക്

ഹോളിവുഡില്‍ നിന്ന് ഇതിഹാസ ചലച്ചിത്രകാരന്‍ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗെത്തി, ഈ പ്രതിഭയെ ഹോളിവുഡിലെത്തിക്കാന്‍. അദേഹത്തിന്റെ ചിത്രത്തില്‍ തലകാണിക്കാനെങ്കിലും ഒരവസരം കിട്ടുക എന്നത് ഏതൊരു നടന്റേയും സ്വപ്നമാണ്. ആ അവസരം കിട്ടിയ ഒരേയൊരു മലയാള നടനാണ് എംആര്‍ ഗോപകുമാര്‍, ഇന്ത്യയിലെ ആദ്യ നടനുമാണ് ഈ ഗോപകുമാര്‍. സ്പില്‍ബര്‍ഗിന്റെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ജുറാസിക് പാര്‍ക്കിന്റെ രണ്ടാം ഭാഗമായ ലോസ്റ്റ് വേള്‍ഡില്‍ അഭിനയിക്കാനുള്ള ഗോപകുമാറിന് ലഭിച്ചത്.

spill-berg

സിനിമകളിലൂടേയും ടിവി സീരിയലുകളിലൂടേയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഗോപകുമാര്‍. 1996 ലാണ് തന്റെ സിനിമയ്ക്കായ് ഇന്ത്യന്‍ വേരുകളുള്ള നടനെ സ്പീല്‍ബര്‍ഗ് അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറാണ് ഗോപകുമാറിനെ സ്പീല്‍ബര്‍ഗിന് കാണിച്ച് കൊടുക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണനാണ് കാസ്റ്റിംഗ് ഡയറക്ടര്‍ക്ക് ഗോപകുമാറിനെ പരിചയപ്പെടുത്തുന്നത്. അടൂരിന്റെ വിധേയനിലെ ഗോപകുമാറിന്റെ അഭിനയം അദ്ദേഹത്തിന് വളരെയധികം ഇഷ്ടമാവുകയായിരുന്നു. ഗോപകുമാറിന്റെ മറ്റ് ചിത്രങ്ങളുടെ വീഡിയോകള്‍ കണ്ടും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ലോസ്റ്റ് വേള്‍ഡിലെ ഇന്ത്യന്‍ വംശജനായ കഥാപാത്രത്തെ അഭിനയിക്കാന്‍ ഗോപകുമാര്‍ മതിയെന്ന് സ്പില്‍ബര്‍ഗും തീരുമാനിച്ചു.

ദേശീയ ശ്രദ്ധ ഗോപകുമാറിലേക്ക് 

ജുറാസിക് പാര്‍ക്കുള്‍പ്പെടെയുള്ള സിനിമകള്‍ കണ്ട് അന്ന് ലോകം സ്പില്‍ബര്‍ഗിന് പിറകെയാണ്. അക്കാലത്ത് ഒരു സിനിമയില്‍, ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഒരു ചെറു പട്ടണത്തില്‍ നിന്ന് ഒരാളെത്തുകയെന്നാല്‍ രാജ്യത്തിനാകെ അദ്ഭുതമായിരുന്നു. അതോടെ ദേശീയമാധ്യമങ്ങളടക്കം ഗോപകുമാറിന്റെ പിന്നാലെ കൂടി. ഇന്ത്യാ ടുഡേയുടെ 1996 സെപ്റ്റംബര്‍ 15നുള്ള ആര്‍ക്കൈവില്‍, അന്ന എം വെട്ടിക്കാട് എഴുതിയ വാര്‍ത്ത ഇങ്ങനെ. സ്പില്‍ബര്‍ഗ്‌സ് ചോയിസ് എന്ന തലക്കെട്ടോടെയാണ്, ഈ മലയാളിയെക്കുറിച്ച് ദേശീയമാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയാളികള്‍ക്കുള്ള ഓണസമ്മാനമാണ് ഈ ക്ഷണമെന്നാണ് ഈ അവസരത്തെ എംആര്‍ ഗോപകുമാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.  അന്ന് 45കാരനായ ഗോപകുമാറിനെ വിധേയനിലെ അഭിനയം കണ്ടാണ് സ്പില്‍ബര്‍ഗ് തിരഞ്ഞെടുത്തതെന്നും വാര്‍ത്താറിപ്പോര്‍ട്ടിലുണ്ട്.

1996ലെഇന്ത്യാ ടുഡേയില്‍ വന്ന വാര്‍ത്തയുടെ ഡിജിറ്റല്‍ ആര്‍ക്കൈവ്

1996ലെഇന്ത്യാ ടുഡേയില്‍ വന്ന വാര്‍ത്തയുടെ ഡിജിറ്റല്‍ ആര്‍ക്കൈവ്

പോസ്റ്റല്‍ അക്കൗണ്ട് ജീവനക്കാരനായ ഗോപകുമാര്‍, സിനിമയിലേക്കുള്ള ക്ഷണത്തില്‍ അടൂരിന്റെ പങ്കിനെക്കുറിച്ചും ഇന്ത്യാ ടുഡേയോട് പങ്കുവെക്കുന്നു. വര്‍ക്ക് വിസയിലോ ടൂറിസ്റ്റ് വിസയിലോ എങ്ങനെയെങ്കിലും ഉടന്‍തന്നെ ലോസ് അഞ്ചലസിലെത്താന്‍ സ്പില്‍ബര്‍ഗ് നിര്‍ദേശിച്ചുവെന്നും 19 കൊല്ലം പഴക്കമുള്ള ആ വാര്‍ത്തയില്‍ പറയുന്നു.

ദൗര്‍ഭാഗ്യവും കോണ്‍സുലേറ്റും തകര്‍ത്ത സ്വപ്നം

mrgആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ നടന്‍ സ്പില്‍ബര്‍ഗ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. പക്ഷെ വിധി വേറൊന്നായിരുന്നു. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഗോപകുമാറിന് അമേരിക്കയില്‍ ജോലി ചെയ്യാനുള്ള വര്‍ക്ക് വിസ അനുവദിക്കാത്തതിനാല്‍ ഗോപകുമാറിന് ലോസ് ആഞ്ചലസില്‍ നടക്കുന്ന ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പിന്നീട് ആ വേഷം ഇന്ത്യാക്കാരനല്ലാത്ത മറ്റൊരു നടന്‍ ചെയ്യുകയായിരുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നഷ്ടമായ സുവര്‍ണ്ണാവസരത്തെക്കുറിച്ച ഗോപകുമാര്‍ പറഞ്ഞത്.

തള്ളുമാമനല്ല, മലയാളത്തിളക്കമുള്ള മഹാനടന്‍

കേരളത്തനിമയുള്ള കഥാപാത്രങ്ങള്‍ കൊണ്ടും അഭിനയത്തിലെ കൃത്യത കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് ഗോപകുമാറിന്ന്. കഴിവിനൊത്ത പ്രകടനം കാഴ്ച്ച വെക്കാന്‍ പറ്റുന്ന തരത്തിലുള്ള വേഷങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.ഒരുകാലത്ത് മലയാളത്തിന്റെ അഭിനയരംഗത്ത് തിളങ്ങി നിന്ന, ആഗോളപ്രശസ്തിയിലേക്ക് വരെയെത്തിയ വിധേയനിലെ ആ തൊമ്മി വീണ്ടും സിനിമയിലെത്തുമ്പോള്‍, അയാളെ വെറും തള്ളാശാനായി മാത്രമൊതുക്കരുതെന്നാണ് സിനിമാപ്രേമികളുടെ അഭ്യര്‍ത്ഥന.

DONT MISS
Top