റിയാദിലെ വാറ്റ് കേന്ദ്രം റെയ്ഡ്; അറസ്റ്റിലായ മലയാളികളെ വധശിക്ഷയ്ക്ക് വിധിക്കുമെന്നത് നുണപ്രചരണം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

റിയാദ്: റിയാദിലെ വാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് മലയാളികള്‍ക്കിടയില്‍ കിംവദന്തി പ്രചരിക്കുന്നു. അറസ്റ്റിലായ മലയാളികളെ വധശിക്ഷയ്ക്കു വിധിച്ചുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് മലയാളം ഓണ്‍ലൈന്‍ സൈറ്റുകളും കിംവദന്തി പ്രചരിപ്പിക്കുകയാണ്.

കഴിഞ്ഞമാസമാണ് റിയാദിലെ എക്‌സിറ്റ് 18 ല്‍ വാറ്റ് കേന്ദ്രം പൊലീസ് റെയ്ഡ് ചെയ്തത്. ഇവിടെ ജോലി ചെയ്തിരുന്ന വിദേശ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഇന്ത്യക്കാരാണോ എന്നും മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും സ്ഥിരീകരിച്ചിട്ടില്ല. മലപ്പുറം എടക്കര സ്വദേശികളാണ് അറസ്റ്റിലായതെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇവരെ വധശിക്ഷയ്ക്ക് വിധിച്ചു എന്നുമാണ് പ്രചാരണം. മദ്യം നിര്‍മ്മിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെങ്കിലും വധശിക്ഷ നല്‍കില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല അന്വേഷണവും വിചാരണയും കൂടാതെ വധശിക്ഷ വിധിച്ചു എന്ന പ്രചാരണം കിംവദന്തി മാത്രമാണ്.

കഴിഞ്ഞമാസം 30ന് നടന്ന റെയ്ഡില്‍ 3000 ബോട്ടില്‍ മദ്യവും 149 കന്നാസുകളും 500 ലിറ്ററിന്റെ 38 ടാങ്കുകളും കണ്ടെത്തിയിരുന്നു. സ്വദേശികളും വിദേശികളും വിതരണക്കാരും ഉള്‍പ്പെടുന്ന വലിയ ശൃംഖലയാണ് വാറ്റ് കേന്ദ്രത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കണ്ണികളെയും കണ്ടെത്താനുളള ശ്രമം തുടരുകയാണ്. അതുകൊണ്ടുതന്നെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പിടിയിലാവവരെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

DONT MISS
Top