പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴി ആഭ്യന്തര മൂലധനവിപണിയിലുളള നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്

bse

മുംബൈ: പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴി ആഭ്യന്തര മൂലധനവിപണിയിലുളള നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്. പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴിയുളള വിപണി നിക്ഷേപം ആഗസ്റ്റില്‍ അഞ്ചുമാസത്തെ ഉയര്‍ന്ന നിലയില്‍ എത്തി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വിദേശനിക്ഷേപകര്‍ക്കുളള പ്രതീക്ഷയാണ് ഇതിലുടെ വെളിവാകുന്നതെന്ന് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടിസിപേറ്ററി നോട്ട് വഴി ആഭ്യന്തര മൂലധനവിപണിയിലുളള വിദേശനിക്ഷേപം ആഗസ്റ്റില്‍ 2.16 ലക്ഷം കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. ജൂലായില്‍ ഇത് 2.12 കോടി ആയിരുന്നു. അഞ്ചുമാസം മുന്‍പ് മാര്‍ച്ചിലാണ് അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം രേഖപ്പെടുത്തിയത്. 2.23 ലക്ഷം കോടി രൂപയായിരുന്നു മാര്‍ച്ചിലെ നിക്ഷേപം. ഓഹരി, കടപത്രം, ഡെറിവേറ്റീവ് സെക്ടറുകളിലെ നിക്ഷേപത്തിന്റെ കണക്കാണിത്.

ഇന്ത്യയില്‍ നിയമാനുസ്യതം രജിസ്റ്റര്‍ ചെയ്തിട്ടുളള ഫോറിന്‍ പോട്ട്‌ഫോളിയോ നിക്ഷേപകര്‍ വഴി ഇന്ത്യന്‍ മൂലധനവിപണിയില്‍ നിക്ഷേപം നടത്താന്‍ വിദേശനിക്ഷേപകര്‍ ആശ്രയിക്കുന്നതാണ് പാര്‍ട്ടിസിപേറ്ററി നോട്ടുകള്‍. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ നേരിട്ട് നിക്ഷേപം നടത്താന്‍ ഇത്തരം നിക്ഷേപപദ്ധതികള്‍ വഴി സാധിക്കുമെന്നതാണ് വിദേശനിക്ഷേപകരെ ഇത് കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. അതേസമയം ഇത്തരം നിക്ഷേപപദ്ധതികള്‍ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ സെബി വ്യവസ്ഥകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മൂലധനവിപണിയില്‍ നിക്ഷേപം നടത്താന്‍ ഇത്തരം നിക്ഷേപരീതികളെ ആശ്രയിക്കുന്ന വിദേശനിക്ഷേപകര്‍ കളളപ്പണം വെളുപ്പിക്കലിനെതിരെയുളള ഇന്ത്യന്‍ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് സെബി വ്യവസ്ഥ ചെയ്യുന്നു.

സംശകയകരമായ നിലയിലുളള നിക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയില്‍ നിയമാനുസ്യതം രജിസ്റ്റര്‍ ചെയ്തിട്ടുളള ഫോറിന്‍ പോട്ട്‌ഫോളിയോ നിക്ഷേപകര്‍ക്കും സെബി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2015 ഒക്ടോബര്‍ വരെ പാര്‍ട്ടിസിപ്പേറ്ററി നോട്ടുവഴിയുളള നിക്ഷേപം ക്രമാനുഗതമായി കുറയുന്നതാണ് വിപണിയില്‍ ദ്യശ്യമായത്. തുടര്‍ന്ന് ഫെബ്രുവരി വരെ നേരിയ മുന്നേറ്റം രേഖപ്പെടുത്തിയ പി- നോട്ട് നിക്ഷേപം മാര്‍ച്ചില്‍ മെച്ചപ്പെട്ട നിലയിലേക്ക് ഉയരുകയായിരുന്നു.

DONT MISS
Top