സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രക്ഷോഭങ്ങളുമുണ്ടായിട്ടും സ്‌പോട്ട് അഡ്മിഷന്‍ പോലും ശരിയായി നടത്താതെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സര്‍ക്കാര്‍ ഒരിക്കല്‍ കൂടി വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രഹസനമായി നടന്ന സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത മെഡിക്കല്‍ കോളേജുകളെ പാഠം പഠിപ്പിക്കുമെന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ഷൈലജയും പ്രസ്താവനകള്‍ നടത്തി വരുന്നതെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ കോളേജുകളിലേക്ക് സര്‍ക്കാര്‍ നടത്തിയ സ്‌പോട്ട് അഡ്മിഷനില്‍ ലേലം വിളിയാണ് നടന്നതെന്നും കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അഡ്മിഷന്‍ ആഗ്രഹിച്ചെത്തിയ കുട്ടികള്‍ ഒരു ദിവസം പകലും രാത്രിയും കാത്തിരുന്ന ശേഷം കരഞ്ഞു കൊണ്ടാണ് ഇറങ്ങിപ്പോരേണ്ടി വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് കെഎംസിടിയിലേക്ക് നടന്ന അഡ്മിഷനുകളെക്കുറിച്ചും വ്യാപകമായ പരാതികളാണ് ഉയര്‍ന്ന് വന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല സൂചിപ്പിച്ചു. രണ്ടര ലക്ഷം രൂപ മാത്രമേ തത്്ക്കാലം അടയ്‌ക്കേണ്ടതുള്ളൂ എന്നാണ് അറിയിച്ചിരുന്നതെങ്കിലും 44 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും 10 ലക്ഷം രൂപയുടെ ഡിപ്പോസിറ്റും ബാക്കി ഫീസായ ഏഴര ലക്ഷം രൂപയുമടക്കം 60 ലക്ഷം രൂപ ഉടനെ അടയ്ക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

നേരത്തെ തലവരി വാങ്ങി അഡ്മിഷന്‍ പറഞ്ഞൊപ്പിച്ചു വച്ചവരുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പു നാടകമായിരുന്നു സര്‍ക്കരിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്‌പോട്ട് അഡ്മിഷന്‍ എന്നാണ് പരാതി. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നേരത്തെ നടന്നിട്ടുള്ള അഡ്മിഷന്റെ വിവരങ്ങള്‍ നല്‍കിടിട്ടുമില്ല. സര്‍ക്കാരുമായി ഒത്തുകളി നടത്തിയതിനാലാണ് അവര്‍ക്ക് ഇതിനുള്ള ധൈര്യം ലഭിച്ചതെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.

DONT MISS
Top