കോടിയും കടന്ന് ജിയോ ഉപഭോക്താക്കള്‍; റിലയന്‍സ് ജിയോയ്ക്ക് ലോക റെക്കോര്‍ഡ്

jio

ദില്ലി: ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി പുറത്തിറങ്ങിയ റിലയന്‍സ് ജിയോ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതായി കമ്പനി അധികൃതര്‍. പുറത്തിറക്കി 26 ദിവസത്തിനുള്ളില്‍ തന്നെ 1.6 കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയതായാണ് കമ്പനിയുടെ അവകാശവാദം. സെപ്റ്റംബര്‍ അഞ്ചിനാണ് റിലയന്‍സ് ജിയോ ഔദ്യോഗികമായി പുറത്തിറക്കിയത്.തുടര്‍ന്നുള്ള കാലയളവില്‍ രാജ്യത്തെ മറ്റേതൊരു ടെലികോം ഓപ്പറേറ്ററെയും കടത്തിവെട്ടുന്ന തരത്തിലുള്ള പ്രകടനം കാഴ്ക്കാന്‍ കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ പ്രകാരം പുതിയ സിം എടുക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ പരിധിയില്ലാത്ത 4ജി ഇന്റര്‍നെറ്റ് സേവനം ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ അണ്‍ലിമിറ്റഡ് എന്ന് പറയുന്നുണ്ടെങ്കിലും പ്രതിദിനം 4ജിബി പരിധിയുണ്ട്. അത് കഴിഞ്ഞാല്‍ 128 കെബിപിഎസ് വേഗതയില്‍ ലഭിക്കും. കൂടാതെ ഫ്രീ കോളുകള്‍. റോമിംഗ് ഫ്രീ എന്നിവയും പ്രത്യേകതയാണ്. സൗജന്യമായി ഇത്തരത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭിച്ചക് കൂടുതല്‍ ഉപഭോക്താക്കളെ ഇതിലേക്ക് ആകര്‍ഷിച്ചതായാണ് വിലയിരുത്തല്‍.

റിലയന്‍സ് ജിയോയ്ക്ക് ഇത്രയും ജനപിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ഇന്റര്‍നെറ്റ് സഹായത്തോടെ എല്ലാ ഇന്ത്യക്കാരെയും ശക്തിപ്പെടുത്താനാണ് റിലയന്‍സ് ജിയോ ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ ജനങ്ങള്‍ ഞങ്ങളുമായി സഹകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് അതിന്റെ ജൈത്രയാത്ര തുടരുമെന്നും ഉപഭോക്താക്കള്‍ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.

DONT MISS
Top