ഒരു ഗര്‍ഭപാത്രത്തില്‍ നിന്നും അമ്മയും മകനും

ആല്‍ബിനോടൊപ്പം എമിലിയും, മാരി എറിക്സണും

ആല്‍ബിനോടൊപ്പം എമിലിയും, മാരി എറിക്സണും

സ്റ്റോക് ഹാം : ഒരു ഗര്‍ഭപാത്രത്തില്‍ നിന്നും അമ്മയും മകനും ജനിക്കുക. സ്വീഡനിലെ സ്റ്റോക് ഹാമിലാണ് തീര്‍ത്തും അപൂര്‍വമായ ഈ സംഭവം. അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് വെച്ചുപിടിപ്പിച്ചാണ് ഗര്‍ഭധാരണം നടന്നത്.

30 കാരിയായ എമിലി എറിസ്‌കണ് ജന്മനാ ഗര്‍ഭപാത്രമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അമ്മയാകുകയെന്ന സ്വപ്നം, സ്വപ്‌നമായിത്തന്നെ അവശേഷിക്കുമെന്ന സങ്കടത്തിലായിരുന്നു എമിലി. അതിനിടെയാണ് ഗര്‍ഭപാത്രം മാറ്റിവെയ്ക്കുകയെന്ന റിപ്പോര്‍ട്ട് ഒരു ശാസ്ത്രമാസികയില്‍ എമിലി കാണാനിടയാകുന്നത്.

ഗര്‍ഭപാത്രം മാറ്റിവെച്ച് അതില്‍ ഗര്‍ഭധാരണം നടത്തി വിജയിച്ച ഡോക്ടര്‍ മാറ്റ്‌സ് ബ്രാന്‍സ്‌ട്രോമിനെ എമിലിയും ഭര്‍ത്താവ് ഡാനിയല്‍ ക്രിസോംഗും സമീപിച്ചു. എന്നാല്‍ യോജിക്കുന്ന ഗര്‍ഭപാത്രം ലഭിക്കുക എന്നതായിരുന്നു എമിലി നേരിട്ട അടുത്ത വെല്ലുവിളി.

ഇതറിഞ്ഞ അമ്മ മാരി എറിക്‌സണ്‍ മകളുടെ സഹായത്തിനെത്തി. എനിക്ക് 53 വയസ്സായി. ഇനി കുട്ടികളും വേണ്ട. അതിനാല്‍ എന്റെ ഗര്‍ഭപാത്രം നീയെടുത്തോളൂ എന്ന് മാരി മകളോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനകള്‍ക്കൊടുവില്‍ അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് വച്ചുപിടിപ്പിച്ചു.

albin2

രണ്ടുതവണ ഗര്‍ഭപാത്രം എമിലിയുടെ ശരീരം തിരസ്‌കരിച്ചെങ്കിലും സ്റ്റിറോയ്ഡുകളിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഒടുവില്‍ ഗര്‍ഭപാത്രം എമിലിന്റെ ശരീരവുമായി ഇഴുകിചേര്‍ന്നു. ഒരു വര്‍ഷത്തിനുശേഷം നടത്തിയ പരിശോധനയില്‍ എമിലി ഗര്‍ഭിണിയായതായി സ്ഥിരീകരിച്ചു.

അപ്പോഴും ആശങ്കകള്‍ ഏറെയായിരുന്നു. കുട്ടിയുടെ വളര്‍ച്ച, ശാരീരിക അവസ്ഥകള്‍ എല്ലാം ആകുലതയായി. എന്നാല്‍ എല്ലാ ആശങ്കകളും അസ്ഥാനത്താക്കി എമിലി സുന്ദരനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

ആല്‍ബിന്‍ മാതാപിതാക്കള്‍ക്കും മുത്തശ്ശിയ്ക്കുമൊപ്പം

ആല്‍ബിന്‍ മാതാപിതാക്കള്‍ക്കും മുത്തശ്ശിയ്ക്കുമൊപ്പം

കുഞ്ഞ് ആര്‍ബിന് ഇപ്പോള്‍ രണ്ട് വയസ്സായി. മകള്‍ക്ക് നല്‍കിയ സ്വന്തം ഗര്‍ഭപാത്രത്തില്‍ പിറന്ന പേരക്കുട്ടിയോടൊപ്പം സന്തോഷവതിയായി കഴിയുകയാണ് മാരി എറിക്‌സണ്‍. അസാധ്യമെന്ന് കരുതിയ ആഗ്രഹം സഫലമാക്കിയ ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ നന്ദി പറയുകയാണ് എമിലിയും ഭര്‍ത്താവും.

DONT MISS
Top