‘രാജ്യമാണ് പ്രധാനം’, പാക് താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടില്ലെന്ന് അജയ് ദേവ്ഗണ്‍

ajay
മുംബൈ: പാകിസ്താന്‍ അഭിനേതാക്കളെ രാജ്യത്ത് വിലക്കണമെന്ന് പലഭാഗത്തു നിന്നും വാദങ്ങളുയരുന്ന സാഹചര്യത്തില്‍ വിലക്കിന് അനുകൂല പ്രസ്താവനയുമായി ബോളിവുഡ് താരം അജയ് ദേവ്ഗണും. രാജ്യമാണ് ഏറ്റവും പ്രധാനമെന്നും താന്‍ പാകിസ്താന്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലെന്നുമായിരുന്നു ദേവ്ഗണിന്റെ പ്രസ്താവന. ഇരുരാജ്യങ്ങള്‍ക്കിടയിലും പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്ക് താരങ്ങളെ വിലക്കണമെന്നാണ് പറയുന്നത്‌. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഒരു പ്രമുഖ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ശക്തമായ രീതിയില്‍ പ്രതികരിച്ചത്. രാജ്യത്തിന്റെ സമാധാനത്തിനായ് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ബോളിവുഡിലെ സഹതാരങ്ങള്‍ ഉറച്ച തീരുമാനം എടുക്കണമെന്നും താരം പറഞ്ഞു. മുഖത്ത് അടിച്ചയാളുമായി നിങ്ങള്‍ സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമോ അതോ തിരിച്ചടിക്കുമോ എന്ന് ദേവ്ഗണ്‍ ചോദിച്ചു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പറയുന്നവരോടായിരുന്നു താരത്തിന്റെ ചോദ്യം.

പാക്ക് താരങ്ങളെ പുറത്താക്കേണ്ടതില്ല എന്ന അഭിപ്രായവുമായി സല്‍മാന്‍ ഖാന്‍, രാധിക ആപ്‌തെ, തുടങ്ങിയ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. പ്രതിസന്ധി കഴിയുന്നതുവരെ പാക്ക് താരങ്ങളെ ഇന്ത്യയില്‍ പ്രവേശിപ്പിക്കരുതെന്ന വാദവുമായി സാധ്വി പ്രാചിയേ പോലുള്ള നേതാക്കന്മാരും ശിവസേനയും ചില ബോളിവുഡ് താരങ്ങളും മുന്നോട്ട് വന്നിരുന്നു.

DONT MISS
Top