സര്‍ക്കാര്‍ ഇങ്ങനെ സംരക്ഷിക്കാന്‍ ഹാഫിസ് സായിദ് പൊന്മുട്ടയിടുന്ന താറാവാണോയെന്ന് പാക് ഭരണകക്ഷി നേതാവ്; തീവ്രവാദത്തിനെതിരെ പാകിസ്താനില്‍ കടുത്ത പ്രതിഷേധം

ഹാഫിസ് സായിദ്(ഫയല്‍)

ഹാഫിസ് സായിദ്(ഫയല്‍)

പാക് സര്‍ക്കാരിന്റെ തീവ്രവാദി പ്രോത്സാഹനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പാകിസ്താനില്‍ നിന്ന് തന്നെ ഉയരുന്നത്. പാകിസ്താന്റെ ഭരണകക്ഷിയായ പിഎംഎല്‍-എന്നിന്റെ പ്രമുഖ നേതാവും ദേശീയ അസംബ്ലി അംഗവുമായ റാണ മുഹമ്മദ് അഫ്‌സലാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ളനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹാഫിസ് സായിദ് എന്ത് മുട്ടയിടുമെന്ന് കരുതിയാണ് അയാളെ തീറ്റിപ്പോറ്റി വളര്‍ത്തുന്നതെന്നും റാണാ മുഹമ്മദ് ചോദിച്ചു. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളുടെ ബുദ്ധികേന്ദ്രവും ജമ-അത്-ഉദ് ദവയുടെ തലവനുമായ ഹാഫിസ് സായിദ് പാക് സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ് കഴിയുന്നതെന്ന ഇന്ത്യന്‍ ആരോപണത്തിന് ശക്തി പകരുന്നതാണ് പാക് ഭരണകക്ഷി നേതാവിന്റെ ഈ വാദം. നാഷണല്‍ കൗണ്‍സിലിന്റെ വിദേശകാര്യ സ്റ്റാന്റിംഗ് കൗണ്‍സിലിലാണ് ഈ വിമര്‍ശനമുന്നയിക്കപ്പെട്ടത്.

ഹാഫിസിനെതിരെ ഇന്ത്യ അത്രയും ഉറച്ച തെളിവുകളാണ് നിരത്തുന്നതെന്നും, ഇന്ത്യ-പാക് ബന്ധത്തിലെ പ്രധാന തടസമാണ് ഹാഫിസെന്ന് അന്താരാഷ്ട്രസമൂഹം കരുതുന്നുവെന്നും റാണ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണത്തിന് ഹാഫിസ് സായിദ് ആഹ്വാനം ചെയ്തിരുന്നു. മുംബൈ ആക്രമണത്തില്‍ പങ്കെടുത്ത ലഷ്‌കര്‍ സംഘാംഗങ്ങളുമായി നേരിട്ട് ബന്ധമുള്ളയാളാണ് ഹാഫിസ് സായിദെന്ന് അന്താരാഷ്ട്രതലത്തില്‍ വിലയിരുത്തലുണ്ട്. ഇന്ത്യയ്ക്ക് പാകിസ്താനെ ‘ബ്ലാക്ക് മെയില്‍’ ചെയ്യാന്‍ ഹാഫിസ് സായിദ് കാരണമാകുന്നുവെന്നും റാണ ആരോപിച്ചു. വിദേശരാജ്യങ്ങളില്‍ പോകുന്ന രാജ്യത്തിന്റെ പ്രതിനിധികള്‍ക്ക് എപ്പോളും നേരിടേണ്ടിവരുന്ന ചോദ്യമാണ് ഹാഫിസ് സായിദിനെക്കുറിച്ചുള്ളവയെന്നും റാണ ഓര്‍മ്മിപ്പിക്കുന്നു. അതേസമയം തീവ്രവാദി സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പാക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top