‘മാത്യൂ’ വരുന്നു ; ഭീതിയോടെ അമേരിക്ക, ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബാഹ്മാസില്‍ വീശിയടിച്ച മാത്യു കൊടുങ്കാറ്റിന്‍റെ ദൃശ്യം

ബാഹ്മാസില്‍ വീശിയടിച്ച മാത്യു കൊടുങ്കാറ്റിന്‍റെ ദൃശ്യം

ഫ്‌ളോറിഡ: ‘മാത്യു’ കൊടുങ്കാറ്റ് അമേരിക്കയുടെ ദക്ഷിണ കിഴക്കന്‍ മേഖലയിലേക്ക് ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളോറിഡയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹെയ്തിയിലും ബഹാമസിലും നാശം വിതച്ച ‘മാത്യു’ കൊടുങ്കാറ്റില്‍ 140 ഓളം പേരാണ് ഇത് വരെ കൊല്ലപ്പെട്ടത്.

കാറ്റഗറി നാലില്‍ പെട്ട കൊടുങ്കാറ്റിന് മണിക്കൂറില്‍ 125 മൈല്‍ (മണിക്കൂറില്‍ 205 കിലോമീറ്റര്‍) വേഗതയാണ് ഉണ്ടാവുകയെന്ന് അമേരിക്കന്‍ കാലാവസ്ഥ ഏജന്‍സികള്‍ അറിയിക്കുന്നു. ഫ്‌ളോറിഡയില്‍ വന്‍ ദുരന്തം വിതയ്ക്കാന്‍ തക്കതാണ് ‘മാത്യു’വെന്ന് സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പറഞ്ഞു. തീരപ്രദേശത്തെ രണ്ട് ദശലക്ഷത്തോളം വരുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ‘മാത്യു’ കൊടുങ്കാറ്റ് ഫ്‌ളോറിഡയില്‍ അതിശക്തമായി വീശുമെന്നതിനാല്‍ ഇത് നേരിടാന്‍ തയ്യാറെടുക്കണമെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹെയ്തിയിലും ബഹാമസിലും നാശം വിതച്ച ശേഷമാണ് ‘മാത്യു’ ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്തേക്ക് എത്തുന്നത്.

ഫ്‌ളോറിഡയിലെ ചില സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിട്ടുണ്ട്. ദക്ഷിണ ഫ്‌ളോറിഡയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും അമേരിക്കന്‍ എയര്‍ലൈന്‍സ് റദ്ദാക്കി. പലയിടത്തും ഇന്ധനത്തിനായി കാറുകളുടെ നീണ്ട നിരയാണ് ഉള്ളത്. ‘മാത്യു’വിന്റെ സംഹാര താണ്ഡവത്തില്‍ നേരത്തെ ഹെയ്ത്തിയില്‍ 22 പേരും ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നാല് പേരും കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നു. ദക്ഷിണ കരോളിനയിലും മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട്.

DONT MISS
Top