സിനിമ നിരോധിച്ചാല്‍ രക്തസാക്ഷി കുടുംബങ്ങളുടെ ആശങ്കകള്‍ ഒഴിയുമോ: സൈനികന്റെ മകനായി അക്ഷയ് കുമാര്‍ ചോദിക്കുന്നു

അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍

മുംബൈ: പാക് കലാകാരന്മാര്‍ ഉള്‍പ്പെട്ട സിനിമകള്‍ നിരോധിച്ചാല്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ആശങ്കകള്‍ അവസാനിക്കുമോ എന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. നേരത്തെ, പാക് അഭിനേതാക്കളുള്ള സിനിമകള്‍ നിരോധിക്കുന്നതിനെതിരെ കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, നാന പട്ടേകര്‍, ജാവേദ് അക്തര്‍ എന്നിവരുള്‍പ്പെടുന്ന പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

ഏറെ വികരാഭരിതനായി ഉറി ഭീകരാക്രമണവും, ഇന്ത്യന്‍ സൈനിക പ്രത്യാക്രമണവും തത്ഫലമായി രാജ്യത്ത് ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ സാമൂഹിക അന്തരീക്ഷവും പരാമര്‍ശിച്ച് കൊണ്ട് അക്ഷയ് കുമാര്‍ നല്‍കുന്ന അഭിപ്രായം ദേശീയ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്.

താന്‍ ഇന്ന് ബോളിവുഡ് നടന്‍ എന്ന രീതിയില്‍ അല്ല, സൈനികന്റെ മകനെന്ന രീതിയിലാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് അക്ഷയ് കുമാര്‍ ആരംഭിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ അന്യോന്യം കലഹിക്കുന്നതായി താന്‍ ശ്രദ്ധിച്ച് വരികയാണ്. ചിലര്‍ ഇന്ത്യന്‍ സൈനിക പ്രത്യാക്രമണത്തിന്റെ തെളിവുകള്‍ ആവശ്യപ്പെടുമ്പോള്‍ ചിലര്‍ പാക് കലാകാരന്‍മാരെ തിരിച്ചയക്കണമെന്നും സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെടുന്നു. ചിലരാകട്ടെ, യുദ്ധം ഉടനടി ആരംഭിക്കുമോ എന്ന ആശങ്കപ്പെടുന്നു- അക്ഷയ് കുമാര്‍ പറയുന്നു.

പോരാട്ട മുഖത്ത് ഇതിനകം ചിലര്‍ മരിച്ചെന്ന വസ്തുത നമ്മള്‍ മനസ്സിലാക്കണം. ഉറി ആക്രമണത്തില്‍ 19 ജവാന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, ബാരാമുള്ള ആക്രമണത്തില്‍ 24 വയസ്സുള്ള നിതിന്‍ യാദവ് എന്ന സൈനികന്‍ കൊല്ലപ്പെട്ടു. ഇതൊക്കെ നടന്നിട്ടും, സിനിമ ബഹിഷ്‌കരിക്കുന്നതോ, കലാകാരന്‍മാരെ നാട് കടത്തുന്നതോ ജവാന്മാരുടെ കുടുംബാഗങ്ങള്‍ക്ക് ആശ്വാസം ന്ല്‍കുമെന്ന് കരുതുന്നുണ്ടോ. ഭാവിയെ കുറിച്ചാണ് അവര്‍ ആശങ്കപ്പെടുന്നതെന്നും നമ്മള്‍ അവരുടെ ഭാവി-വര്‍ത്തമാന കാലങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും അക്ഷയ് കുമാര്‍ തുറന്നടിക്കുന്നു.

വിഷയത്തില്‍ ഏറെ വികാരഭരിതനായി സംസാരിച്ച അക്ഷയ് കുമാര്‍, ജയ് ഹിന്ദ് എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

DONT MISS
Top