‘മമ്മൂട്ടിയാണെങ്കില്‍ നിങ്ങളങ്ങനെ ചോദിക്കുമായിരുന്നോ?’; പെണ്ണിനോട് മാത്രമെന്തേ ഇങ്ങനെയെന്ന് റീമ കല്ലിങ്കല്‍

റിമ കല്ലിങ്കല്‍

റിമ കല്ലിങ്കല്‍

കൊച്ചി:  പാര്‍ച്ച്ഡ് എന്ന സിനിമയിലെ വിവാദരംഗങ്ങളെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ രാധികാ ആപ്‌തെ ചുട്ട മറുപടി നല്‍കി വായയടപ്പിച്ചതിന് പിന്നാലെ നടിക്ക് പിന്തുണയുമായി റിമാ കല്ലിങ്കലും. നടിമാരോടുള്ള സമൂഹത്തിന്റെ മനോഭാവത്തെ കനത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതാണ് റിമയുടെ ഫെയ്സ്സ്ബുക്ക് പോസ്റ്റ്. മദ്യപാന രംഗങ്ങളില്‍ നടിമാര്‍ അഭിനയിക്കുന്നതിലെ സമൂഹത്തിന്റെ അസഹിഷ്ണുതയെയാണ് താരം പോസ്റ്റിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

മദ്യപിക്കുന്ന രംഗങ്ങളില്‍ നടിമാര്‍ അഭിനയിക്കുന്നത് കണ്ട് ചിലര്‍ ചോദിക്കുന്ന വിഡ്ഢി ചോദ്യങ്ങള്‍ പലപ്പോഴും തന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഇത്തരം രംഗങ്ങളെ അത്ഭുതത്തോടെ കാണുന്നത് സാധാരണക്കാര്‍ മാത്രമല്ല മാധ്യമപ്രവര്‍ത്തകരും ഒട്ടും പിന്നിലല്ലെന്ന് സൂചിപ്പിക്കുന്നതാണ് റിമയുടെ വാക്കുകള്‍. ഒരിക്കല്‍ പ്രമുഖ ടെലിവിഷന്‍ ചാനലിലെ പരിപാടിക്കിടയില്‍ തന്റെ ആദ്യ സിനിമയായ ഋതുവിലെ മദ്യപിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനായി പ്രത്യേക പരിശീലനം വേണ്ടിയിരുന്നോ എന്ന് ചോദിച്ചത് ഇപ്പോഴും ഓര്‍ത്തിരിക്കുന്നതായ് റിമ പറയുന്നു.

നടിമാരോട് ഇതുപോലെയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് നടന്‍മാരോട് ചോദിക്കുന്നില്ല. തോപ്പില്‍ ജോപ്പന്റെ പ്രമോഷന് വരുന്ന മമ്മൂട്ടിയോട് ആരെങ്കിലും ഇത്തരത്തില്‍ ചോദിക്കുമോ, ഇല്ലെന്ന് തനിക്കുറപ്പാണെന്നും റിമ തന്റെ പോസ്റ്റില്‍ കുറിക്കുന്നു. പാര്‍ച്ച്ഡ് എന്ന സിനിമയിലെ രംഗത്തെക്കുറിച്ച് മോശമായ രീതിയില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ വായ അടപ്പിക്കുന്ന രാധികാ ആപ്‌തെയുടെ വീഡിയോയും റിമാ തന്റെ പോസ്റ്റിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. താരത്തിന്റെ തുറന്ന് പറച്ചിലില്‍ പ്രകോപിതരായ ചിലരുടെ കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കാനും റിമ മറക്കുന്നില്ല. സ്ത്രീകളെ ഒരുപാട് ആദരിക്കുന്ന നാടാണ് ഇന്ത്യയെന്നും രാധികയുടെ പ്രവര്‍ത്തി വളരെ മോശമായിപ്പോയെന്നും പറഞ്ഞ കമന്റിന് സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അവള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശത്തേയും ബഹുമാനിക്കണമെന്നും മറുപടി നല്‍കുന്നുണ്ട് റിമ.

DONT MISS
Top