ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതിന് പിന്നിലെ ‘അവിശുദ്ധ ബന്ധങ്ങള്‍’; ലാലേട്ടന്റെ സൈറ്റ് ‘ഹാക്കി’വിരുതന്മാര്‍

cyber-warriors

ഫെയ്സ്ബുക്ക് ചിത്രം

പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ശീലമാണ് ഇന്ത്യന്‍ സൈബര്‍ ലോകത്ത് ഇപ്പോള്‍ തുടരുന്നത്. തുടരെയുള്ള സൈബര്‍ ആക്രമണങ്ങളിലും ഇന്ത്യന്‍ സൈബര്‍ സുരക്ഷ വിദഗ്ധര്‍ സന്ദര്‍ഭോചിതമായി ഇടപെടുന്നില്ല അല്ലെങ്കില്‍ മന:പൂര്‍വ്വം നിസംഗത പാലിക്കുന്നുവെന്നാണ് പുതിയ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സൈബര്‍ വിദഗ്ധരുടെ പുത്തന്‍ കള്ളക്കള്ളികളെ പൊളിക്കാനായി ഇത്തവണ കേരള സൈബര്‍ വാരിയേഴ്സ് മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. കേരള സൈബര്‍ വാരിയേഴ്സിനെ അറിയില്ലേ?

2014-ല്‍ നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പാകിസ്താന്റെ ഹാക്കിങ്ങ് സംഘമായ സൈബര്‍ വാരിയേര്‍സ് ഹാക്ക് ചെയ്തത് നാം മറക്കാനിടയില്ലല്ലോ. എന്നാല്‍ ആക്രമണത്തിന് പിന്നാലെ 20 മിനിറ്റിനുള്ളില്‍ സൈറ്റ് വീണ്ടെടുക്കുകയും മറുപടിയെന്ന വണ്ണം ഒന്നിന് നൂറായി പാക് സൈറ്റുകളെ ഹാക്ക് ചെയ്ത മലയാളി ഹാക്കര്‍മാരുടെ വിദഗ്ധ സംഘമാണ് കേരള സൈബര്‍ വാരിയേഴ്സ്.

ഇത്തവണ ഒരല്‍പം ഗുരുതരമായ വീഴ്ചയെ ഉയര്‍ത്തിയാണ് ഇവരുടെ വരവ്. മുമ്പ് ഹാക്ക് ചെയ്യപ്പെട്ട അതേ മോഹന്‍ലാലിന്റെ വൈബ് സൈറ്റിനെ വീണ്ടും ഹാക്ക് ചെയ്തിരിക്കുകയാണ് വിരുതന്‍മാര്‍. രണ്ട് വര്‍ഷം മുമ്പ് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വീണ്ടെടുത്ത മോഹന്‍ ലാലിന്റെ സൈറ്റിന് വേണ്ട സുരക്ഷ നല്‍കാന്‍ പോലും ഇത് വരെ വിദഗ്ധര്‍ തയ്യാറായിട്ടില്ല എന്നാണ് കേരള സൈബര്‍ വാരിയേഴ്സ് ആരോപിക്കുന്നത്.

മോഹന്‍ലാലിന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ട്

മോഹന്‍ലാലിന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ട്

തങ്ങള്‍ കയറിയത് പോലെ ഹാക്കര്‍മാര്‍ക്ക് അനായാസമായി ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞ് കയറാമെന്ന് കേരള സൈബര്‍ വാരിയേഴ്സ് വ്യ ക്തമാക്കുന്നു. കാര്യങ്ങള്‍ ഒന്നു കൂടെ വ്യക്തമാകണമെങ്കില്‍ കേരള സൈബര്‍ വാരിയേഴ്സിന്റെ വിശദീകരണം ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

ഇന്ത്യന്‍ ഡെവലപ്പേഴ്‌സും ഇന്ത്യന്‍ ഗവര്‍ണമെന്റ് സൈറ്റ് കൈകാര്യം ചെയ്യുന്നവരും പാകിസ്താന്‍ ഹാക്കര്‍മാരുടെയും മറ്റു ഹാക്കര്‍മാരുടെയും ആക്രമണങ്ങള്‍ വഴി വരുമാനം ഉണ്ടാക്കുന്നവരാണ്. സൈറ്റ് വീണ്ടെടുക്കാന്‍ വേണ്ടി പൈസ വാങ്ങുകയും, കൃത്യമായി വീണ്ടെടുക്കാതിരിക്കുകയും ചെയ്യുന്നു. ഹാക്കര്‍മാര്‍ ഇട്ട ബാക് ഡോര്‍ പോലും കളയാന്‍ പല വെബ് ഡെവലപ്പേഴ്‌സും ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഇത് വര്‍ഷങ്ങളായി നടന്നുവരുന്ന കലാപരിപാടിയാണ്. തങ്ങളടക്കം പലരും ഇന്ത്യന്‍ സൈറ്റുകളിലെ സുരക്ഷ പാളിച്ചകള്‍ പല പ്രാവശ്യം റിപ്പോര്‍ട്ട് ചെയ്തിട്ടും മറുപടിയോ അതല്ലെങ്കില്‍ സുരക്ഷ പാളിച്ചകള്‍ പരിഹരിക്കാനുള്ള സന്നദ്ധതയോ ഡെവലപ്പേഴ്‌സിനില്ല. സൈറ്റുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തിയാല്‍ അവരുടെ ബിസിനസ് പൊളിയും എന്നതാണ് സത്യം.

പാക് വെബ് സൈറ്റുകളെക്കാള്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്ക് സുരക്ഷ പാളിച്ചകളുണ്ട് ഏറെയാണ്. അതിനാല്‍ 1000 സൈറ്റുകള്‍ വരെ ഒരേ ദിവസം തകര്‍ക്കപ്പെടുകയാണ്. സൈറ്റ് ഹാക്ക് ചെയ്യാന്‍ സൈറ്റുകളുടെ യൂസര്‍നെയിമും പാസ്‌വേഡും പല ഹാക്കിങ് പ്രകിയകള്‍ വഴി കണ്ടെത്തുകയും അതിന് ശേഷം അവരവരുടെ സ്വന്തം ഹാക്കിങ് സ്‌ക്രിപ്റ്റ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ട് അവര്‍ ആ സൈറ്റുകളെ ഹാക്ക് ചെയ്യുന്നു. തുടര്‍ന്ന് റൂട്ട്, സിംലിങ്ക്, ജംമ്പിങ്ങ് എന്നിങ്ങനെയുള്ള പല ഹാക്കിങ്ങ് പ്രകിയകള്‍ വഴി സെര്‍വറിലുള്ള ബാക്കി സൈറ്റുകളും ഹാക്ക് ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ആരും തന്നെ മുന്നിട്ടിറങ്ങുന്നില്ല.

സൈബര്‍ വേരിയര്‍സ് #OP_Secure_Indian_Cyber_Space എന്ന മിഷന്‍ കൊണ്ടുവന്നത് സുരക്ഷ പാളിച്ചകളുള്ള ഇന്ത്യന്‍ സൈറ്റുകളെ ഹാക്ക് ചെയ്തു സൈറ്റ് അഡ്മിന് സൈറ്റില്‍ സുരക്ഷ ഉറപ്പ് വരുത്തുക എന്ന മുന്നറിയിപ്പ് നല്‍കാനാണ്. സൈറ്റ് അഡ്മിന് തങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്യാന്‍ പറ്റുന്നതാണെന്ന് മുന്‍കൂട്ടി അറിയാനും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഹാക്കര്‍മാരുടെ ആക്രമണങ്ങളില്‍ നിന്നും സൈറ്റിനെ സംരക്ഷിക്കാനും ഇതുവഴി സാധിക്കും.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സൈറ്റ് ഹാക്ക് ചെയ്തു കേറിയതിനു സൈബര്‍ സെല്ലില്‍ കംപ്ലയിന്റ് കൊടുക്കും എന്ന ഭീഷണിയാണ് കേരള സൈബര്‍ വാരിയേര്‍സിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ സൈറ്റ് ഇപ്പോഴും ഹാക്ക് ചെയ്യാന്‍ കഴിയുന്ന അവസ്ഥയില്‍ കിടക്കുന്നതാണ് ഇതിനു ഏറ്റവും വലിയ തെളിവ് .

DONT MISS
Top