അനുരാഗ് ഠാക്കൂറിനെതിരെ നടപടി വേണമെന്ന ലോധ കമ്മിറ്റിയുടെ ശുപാര്‍ശ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

lodha-commisty

ദില്ലി: ബിസിസിഐയില്‍ നിന്ന് പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍കെ ഉള്‍പ്പടെ ഉള്ള ഭാരവാഹികളെ പുറത്താക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ വേണം എന്ന ആര്‍എം ലോധ സമിതിയുടെ ശുപാര്‍ശ സുപ്രീംകോടതി ഇന്ന്പരിഗണിക്കും.ലോധ സമിതിയുടെ ആവശ്യത്തെകുറിച്ചുള്ള നിലപാട് ബിസിസിഐയും ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.

നിലവിലുള്ള ഭരണസമിതി നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ത്യന്‍ ക്രിക്കറ്റില്‍ പരിഷ്‌കരണം നടക്കില്ല എന്ന് ലോധ സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ലോധ കമ്മിറ്റി ശുപാര്‍ശ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും ബിസിസിഐ ഇന്ന് കോടതിക്ക് കൈമാറും. ഇതിനിടെ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് തീരുമാനങ്ങള്‍ എടുത്ത പശ്ചാത്തലത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയോടും യെസ് ബാങ്കിനോടും ബിസിസിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ജസ്റ്റിസ് ആര്‍ എം ലോധ സമിതി നിര്‍ദ്ദേശിച്ചിരുന്നു.

സെപ്റ്റംബര്‍ 30ന് ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തില്‍ എടുത്ത രണ്ട് സാമ്പത്തിക തീരുമാനങ്ങളാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ഇതില്‍ ഒന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒഴികെ ഉള്ള അസോസിയേഷനുകള്‍ക്ക് 10 കോടി രൂപ വീതം നല്‍കാനുള്ളതായിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ദൈനംദിന പ്രവര്‍ത്തനത്തിന് പോലും പണം ഇല്ലെന്ന നിലപാടിലാണ് ബിസിസിഐ.

ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയില്‍ കളിക്കുന്ന കളിക്കാര്‍ക്ക് പണം നല്‍കാന്‍ കഴിയില്ലെന്നും പരമ്പര ഉപേക്ഷിക്കേണ്ടി വരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ബിസിസിഐയുടെ വന്‍കിട സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ് വിലക്കിയത് എന്ന് ജസ്റ്റിസ് ലോധ അറിയിച്ചിരുന്നു.

DONT MISS
Top