രാഷ്ട്രീയവിജയം പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും, അന്തിമപരാജയം വിദ്യാര്‍ത്ഥിസമൂഹത്തിന്; സ്വാശ്രയസമരം ഒരു രാഷ്ട്രീയ വായന

pinarayi-vijyan

പ്രതിപക്ഷസമരം സ്വാശ്രയവിഷയത്തില്‍ ആളിപ്പടര്‍ന്നത്, സര്‍ക്കാരിനെ തെല്ലൊന്നുമല്ല സമ്മര്‍ദത്തിലാക്കിയത്. എങ്കിലും സമരം വിജയിക്കുകയെന്ന രാഷ്ട്രീയ നാണക്കേടിനെ നേരിടാന്‍ പിണറായിയെന്ന മുഖ്യമന്ത്രി ഒരുക്കമായിരുന്നില്ല. സര്‍ക്കാരിന് സ്വാശ്രയവിഷയത്തില്‍ വീഴ്ച പറ്റിയെന്ന പ്രതിപക്ഷത്തിന് കേരളത്തെ ബോധ്യപ്പെടുത്താനായെങ്കിലും അന്തിമമായ ചിരി പിണറായിയുടെ മുഖത്ത് തന്നെയായിരുന്നു. പ്രതിപക്ഷസമരം പരാജയമെന്ന് ജനം വിലയിരുത്തിയാലും, യുഡിഎഫിന് ഈ സമരം രാഷ്ട്രീയനേട്ടം തന്നെയാണ് സമ്മാനിക്കുക. കേരളത്തിന്റെ മുഖ്യപ്രതിപക്ഷം തങ്ങളാണെന്ന് അരക്കിട്ടുറപ്പിച്ച് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമായി. അതോടൊപ്പം സൂപ്പര്‍ പ്രതിപക്ഷനേതാവാകാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ് യുഡിഎഫിന്റെ ഈ സമരപരാജയമെന്ന് വിലയിരുത്തേണ്ടി വരും. വിഎസുയര്‍ത്തിയ കൊടുങ്കാറ്റ് ചായക്കോപ്പയിലെ കൊടുങ്കാറ്റായി മണിക്കൂറുകള്‍ക്കകം തന്നെ അടങ്ങുകയും ചെയ്തു.  കേരളരാഷ്ട്രീയം കഴിഞ്ഞവാരം സജീവമായി ചര്‍ച്ച ചെയ്ത സ്വാശ്രയ സമരപരമ്പരയുടെ രാഷ്ട്രീയ വായന ഇങ്ങനെ.

പ്രതിപക്ഷം സമരം ആരംഭിച്ചത് എന്തിന്?

പ്രതിപക്ഷം സമരമാരംഭിച്ചത് സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 2.1 ലക്ഷമായിരുന്നത്, ഇക്കുറി രണ്ടര ലക്ഷമായി എന്ന പ്രതിപക്ഷ ആരോപണം പ്രഥമദൃഷ്ട്യാ ആര്‍ക്കും ദഹിക്കുന്ന ആവശ്യവുമായിരുന്നു.  ഈ ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരമുള്‍പ്പെടെ ആരംഭിച്ചു. കെ എസ് യുവിന്റെ മഷിസമരം ചില്ലറ നാണക്കേടുണ്ടാക്കിയെങ്കിലും സമരം നന്നായിത്തന്നെ മുന്നോട്ട് നീങ്ങി.

പരിയാരത്തില്‍ ഉറച്ച് പ്രതിപക്ഷം

യൂത്ത് കോണ്‍ഗ്രസും യുഡിഎഫും സമരം തീര്‍ക്കാനുള്ള വഴിയായി കണ്ടുവെച്ചത് പെരിയാരമായിരുന്നു. സഹകരണകോളേജായ പെരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കുകയാണെന്നും, അതിനാല്‍ തന്നെ ഫീസ് കുറയ്ക്കണമെന്നുമായിരുന്നു യുഡിഎഫിന്റെ ആവശ്യം. അങ്ങനെ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രി നേരിട്ടും പ്രതിപക്ഷവുമായും യുവജന സംഘടനകളുമായും ചര്‍ച്ച നടത്തി. പെരിയാരം ഏറ്റെടുത്താലുടന്‍ ഫീസ് കുറയ്ക്കാമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇപ്പോല്‍ തന്നെ കുറയ്ക്കണമെന്ന വാദത്തില്‍ പ്രതിപക്ഷവും ഉറച്ചുനിന്നു. പെരിയാരം ഉടനേറ്റെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അപ്പോളത്തെ ഉറപ്പ്. പ്രതിപക്ഷനേതാവിന് ഇക്കാര്യത്തിലധികം പറയാനുണ്ടായിരുന്നില്ല

മഞ്ഞുരുകി, സമരമവസാനിക്കുമെന്ന പ്രതീതി

പരിയാരം ഉടനേറ്റെടുക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും, ഏറ്റെടുത്താലുടന്‍ ഫീസ് കുറയ്ക്കാമെന്ന വാക്കും പ്രതിപക്ഷനേതാവിന് സമ്മതമായിരുന്നു. ഇതിന് പുറമേ തലവരിപ്പണം വാങ്ങുന്നുവെന്ന പ്രതിപക്ഷ ആരോപണം വിജിലന്‍സ്-ക്രൈബ്രാഞ്ച് അന്വേഷിക്കുമെന്ന് കൂടി പറഞ്ഞതോടെ സമരം അവസാനിപ്പിക്കാന്‍ പാതി മനസായി പ്രതിപക്ഷനേതാവിന്. അങ്ങനെ സമവായമാകുമെന്ന പ്രതീക്ഷയോടെ ചര്‍ച്ച അവസാനിച്ചു. യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് മടങ്ങി.

ചെന്നിത്തലയെ ഞെട്ടിച്ച് യുഡിഎഫ് യോഗം

എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ യുഡിഎഫ് യോഗം തയ്യാറായില്ല. ഉടന്‍ ഫീസ് കുറയ്ക്കാതെ സമരമവസാനിപ്പിക്കരുതെന്ന് അഭിപ്രായം ശക്തമായി ഉയര്‍ന്നു. ഈ അഭിപ്രായത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നാണ് അണിയറ സംസാരം. സമരം അപ്പോളവസാനിച്ചാല്‍ രമേശ് ചെന്നിത്തലയെന്ന പ്രതിപക്ഷനേതാവിന്, ഐ ഗ്രൂപ്പ് നേതാവിനുണ്ടാകുന്ന അംഗീകാരമാകും ചാണ്ടിയെ ഇത്തരത്തിലൊരു അഭിപ്രായത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തിന്റെ ബലത്തില്‍ സര്‍ക്കാരുമായി ഉടന്‍ സമരസപ്പെടേണ്ടെന്നും സമവായത്തിലെത്തേണ്ടതില്ലെന്നും യുഡിഎഫ് തീരുമാനിച്ചു.

മാനേജ്‌മെന്റുകള്‍ ഭയചകിതര്‍

പ്രതിപക്ഷവുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച കൊണ്ട് ഏറ്റവും കൂടുതല്‍ പേടി കൂടിയത് മാനേജ്‌മെന്റുകള്‍ക്കായിരുന്നു. ക്രൈംബ്രാഞ്ച്- വിജിലന്‍സ് അന്വേഷണം വന്നാല്‍ തലവരിപ്പണവും അമിതഫീസ് വാങ്ങുന്നതുമുള്‍പ്പെടെ കയ്യോടെ പിടികൂടുമെന്ന് അവര്‍ ഭയന്നതില്‍ കുറ്റം പറയാനുമൊക്കില്ല. അങ്ങനെയിരിക്കെ മാനേജ്മെന്റുകള്‍ ചില അഡ്ജസ്റ്റ്‌മെന്റുകളെക്കുറിച്ച് ആലോചിക്കാന്‍ ആരംഭിച്ചു. ഇതിന് പിന്നാലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ എംഇഎസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍, ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ മറ്റു മാനേജ്‌മെന്റുകള്‍ ഈ നിലപാടിനൊപ്പം നിന്നില്ല. ഫീസ് കുറയ്ക്കാനാകില്ലെന്ന് അവര്‍ അറിയിച്ചു

പ്രതിപക്ഷ-മാനേജ്‌മെന്റ് ധാരണ

സര്‍ക്കാരിനെ ഏത് നിലയ്ക്കും പ്രതിരോധത്തിലാക്കാന്‍ പറ്റിയ ആയുധമെന്ന നിലയിലാണ് പ്രതിപക്ഷം സ്വാശ്രയസമരത്തെ കണ്ടത്. ഫസല്‍ ഗഫൂറിന്റെ പ്രസ്താവന ആയുധമാക്കാന്‍ അവര്‍ തീരുമാനിച്ചു. ഒരു രൂപയെങ്കിലും ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന് മാനേജ്‌മെന്റുകള്‍ പറഞ്ഞാല്‍ അത് സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് വഴങ്ങിക്കൊടുക്കുകയാണെന്ന തങ്ങളുടെ വാദത്തിന് ബലം നല്‍കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ മാനേജ്‌മെന്റുകളുമായി ബന്ധപ്പെട്ടു. മൂന്ന് ലക്ഷത്തില്‍ താഴെ വരുമാനമുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി, ഫീസിളവ് നല്‍കാമെന്ന ധാരണ പ്രതിപക്ഷവും മാനേജ്‌മെന്റുകളും തമ്മില്‍ ഫോണിലുറപ്പിക്കുന്നു.

ധാരണ മുഖ്യമന്ത്രിക്ക് മുന്‍പിലേക്ക്

മാനേജ്‌മെന്റുകളുമായി തങ്ങളുണ്ടാക്കിയ ധാരണയെക്കുറിച്ച് പ്രതിപക്ഷം മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നു. ഈ ഇടപെടല്‍ ഒട്ടുമിഷ്ടപ്പെട്ടില്ലെങ്കിലും മാനേജ്‌മെന്റുകളുമായി ചര്‍ച്ചയാകാമെന്ന് പറയുകയല്ലാതെ മുഖ്യമന്ത്രിക്ക് മുന്‍പില്‍ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ എല്ലാ മാനേജ്‌മെന്റുകളും സമ്മതിക്കാതെ, ഒരു ഫോര്‍മുല മുന്നോട്ടുവെക്കാന്‍ മുഖ്യമന്ത്രിക്കും കഴിയുമായിരുന്നില്ല. അതിനാല്‍ മുഖ്യമന്ത്രി പ്രതിപക്ഷനേതാക്കളോട് പറഞ്ഞതിങ്ങനെയായിരുന്നു, ‘ മാനേജ്‌മെന്റ് നിര്‍ദേശം വെച്ചാല്‍ അംഗീകരിക്കാം, സര്‍ക്കാര്‍ അങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെക്കില്ല’. പ്രതിപക്ഷവുമായി എല്ലാം പറഞ്ഞുറപ്പിച്ചവരാണല്ലോ മാനേജ്‌മെന്റുകള്‍. അങ്ങനെ സമരം തീരുമെന്ന് വീണ്ടും പ്രതീതിയുണ്ടായി.

മാനേജ്‌മെന്റുകളുടെ യോഗം, ചര്‍ച്ച

അങ്ങനെ സമരം തീരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ആദ്യം ഇന്നലെ രാവിലെ എട്ടുണിക്ക് ചര്‍ച്ചയാരംഭിക്കുമെന്നായിരുന്നു തീരുമാനം. മാനേജ്‌മെന്റുകള്‍ക്ക് യോഗം ചേരണമെന്നായപ്പോള്‍ ചര്‍ച്ച നീട്ടി. പിന്നീട് 11.30ലേക്കും മൂന്ന് മണിയിലേക്കും ചര്‍ച്ച മാറ്റി. കരാറില്‍ നിന്ന് പിന്മാറില്ല, ഫീസ് കുറയ്ക്കുകയുമില്ലെന്നായിരുന്നു മാനേജ്‌മെന്റുകളുടെ തീരുമാനം. സ്‌കോളര്‍ഷിപ്പാകാമെന്ന പ്രതിപക്ഷനേതാക്കളുമായുള്ള ധാരണയില്‍ ഉറച്ചുനില്‍ക്കാനും അവര്‍ തീരുമാനിച്ചു. നിയമസഭയിലെത്തി, പ്രതിപക്ഷനേതാക്കളെ ഇക്കാര്യം അറിയിക്കാമെന്നും അവരറിയിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും മാനേജ്‌മെന്റുകള്‍ സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന നിലപാടില്‍ ഉറച്ചുനിന്നു

മുഖ്യമന്ത്രിയുടെ യോഗം, ‘വിരട്ടല്‍’

മുഖ്യമന്ത്രി രണ്ടേ രണ്ട് ചോദ്യങ്ങളാണ് യോഗത്തില്‍ ചോദിച്ചത്. കരാറില്‍ നിന്ന് പിന്മാറുന്നുണ്ടോ, കരാര്‍ മാറ്റണോ?. മുന്‍പ് നിരന്തരം സര്ക്കാരുമായും താനുമായും ചര്‍ച്ച നടത്തിയപ്പോളും സ്‌കോളര്‍ഷിപ്പിന്റെയും ഫീസ് കുറയ്ക്കലിന്റെയും കാര്യം പറഞ്ഞില്ലല്ലോയെന്ന കാര്‍ക്കശ്യത്തോടെ തന്നെ മുഖ്യമന്ത്രി ചോദിച്ചപ്പോള്‍, മാനേജ്‌മെന്റുകളുടെ മുട്ടിടിച്ചു. തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന വാളായ വിജിലന്‍സ്-ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ അങ്ങനെ മാനേജ്‌മെന്റുകളെ പേടിപ്പിച്ചിട്ടുണ്ടാകുമെന്നുറപ്പ്. അങ്ങനെ പ്രതിപക്ഷവുമായി ഒരു ധാരണയുമില്ലെന്നായി മാനേജ്‌മെന്റുകള്‍. രണ്ടരലക്ഷത്തില്‍ നിന്ന് ഫീസ് കുറയ്ക്കുന്നോ എന്നായി അടുത്ത ചോദ്യം. ഇല്ലെന്ന് മാനേജ്‌മെന്റുകളുടെ മറുപടി. പുതിയ എന്തെങ്കിലും പറയാനുണ്ടോ എന്ന് അടുത്ത ചോദ്യം, അടുത്ത വര്‍ഷം കാണാമെന്ന് പറഞ്ഞ് ചര്‍ച്ച അവസാനിച്ചു

മുഖ്യമന്ത്രിയുടെ കടുംപിടുത്തം, രാഷ്ട്രീയ വിജയത്തിന്

ചര്‍ച്ചയില്‍ പുതിയ ഒരു തീരുമാനവുമുണ്ടാകരുതെന്നത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ആവശ്യമായിരുന്നു. ഫീസ് ഒരുരൂപയെങ്കിലും കുറച്ചാല്‍, സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ചുവെന്നും, അവര്‍ക്കായി പ്രവര്‍ത്തിച്ചുവെന്നുമുള്ള പഴി കേള്‍ക്കേണ്ടിവരുമെന്ന് ഉറപ്പ്. ആ കടുപ്പത്തിലും കണിശതയിലും തന്നെയാണ് പിണറായി ചര്‍ച്ചയിലിടപെട്ടതും. തങ്ങളോട് നടത്തിയ ചര്‍ച്ചയില്‍ പറയാത്തത്, പ്രതിപക്ഷത്തോട് എന്തിന് പറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ ചോദ്യം എല്ലാ സന്ദേശവും നല്‍കുന്നത് തന്നെയായിരുന്നു. മാനേജ്മെന്‍റുകളുടെ പിന്നിലെ രാഷ്ട്രീയ ഇടപെടല്‍ തുറന്നുകാട്ടുകയും മുഖ്യമന്ത്രി ലക്ഷ്യം വെച്ചിരിക്കാം.

മാനേജ്മെന്‍റുമായുള്ള ആദ്യധാരണയില്‍,  പത്തുലക്ഷത്തില്‍ തുടങ്ങിയ മെറിറ്റ് ഫീസ് ചര്‍ച്ച, ആരോഗ്യമന്ത്രിയുടെ മുന്നിലെത്തുമ്പോള്‍ മൂന്നരലക്ഷമായതും, മുഖ്യമന്ത്രിക്ക് മുന്നിലെത്തിയപ്പോള്‍ രണ്ടര ലക്ഷമായതുമെല്ലാം കേരളം കണ്ടതുമാണ്. പലതും  ഒളിക്കാനുള്ള മാനേജ്മെന്‍റുകള്‍ക്ക് മുഖ്യമന്ത്രിയെ പിണക്കുക ഒരുഘട്ടത്തിലും പറ്റാത്ത കാര്യവുമാണ്.  മുഖ്യമന്ത്രിയുടെ മുന്നിലെത്തിയപ്പോള്‍ മാനേജ്‌മെന്റുകള്‍ തങ്ങളുമായി ഉണ്ടാക്കിയ ധാരണ അട്ടിമറിച്ചുവെന്ന്, കുഞ്ഞാലിക്കുട്ടി ഇന്ന് പറഞ്ഞതും ഈ ഘട്ടത്തില്‍ കൂട്ടി വായിക്കണം.

അങ്ങനെ പ്രതിപക്ഷത്തിന്റെ നിരാഹാരസമരം അവസാനിപ്പിച്ചു. രണ്ടാംഘട്ടത്തില്‍ നിരാഹാരമിരുന്ന വിടി ബല്‍റാമിനും റോജിക്കും ഒന്ന് വിശക്കുന്നതിന് മുന്‍പ് തന്നെ സമരം അവസാനിപ്പിക്കേണ്ടിവന്നു. ചുരുക്കത്തില്‍  സമരത്തിന്‍റെ രാഷ്ട്രീയ വിജയപരാജയങ്ങള്‍ ഇങ്ങനെയാണ്. 

യുഡിഎഫ് രാഷ്ട്രീയത്തിന് അടിയും തിരിച്ചടിയും

ബിജെപി ദേശീയകൗണ്‍സില്‍ യോഗം കോഴിക്കോട് നടന്നയുടനായിരുന്നു സ്വാശ്രയസമരം ആരംഭിച്ചത്. ആ സമയത്ത് ഇടതുസര്‍ക്കാരിനെതിരെ പ്രധന ആരോപണങ്ങളുന്നയിച്ച്, പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിച്ചുപോന്നത് ബിജെപിയാണ്. ആ സ്ഥാനത്തുനിന്ന് ബിജെപിയെ മാറ്റി, സംസ്ഥാനത്തിന്റെ മുഖ്യപ്രതിപക്ഷ കക്ഷി തങ്ങള്‍ തന്നെയാണെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. ഒപ്പം സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും യുഡിഎഫ് സമരം ഉപകരിച്ചു. നിര്‍ജിവമായിരുന്ന കെഎ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളെ വീണ്ടും സമരഭൂമിയിലേക്ക് നയിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു മാണി കോണ്‍ഗ്രസ് മുന്നണിയിലില്ലാഞ്ഞിട്ടും ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും, മാണിയുടെ കൂടി പന്തുണ സമരത്തിന് നേടാനും കോണ്‍ഗ്രസിന് കഴിഞ്ഞു.

അതേസമയം സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായപ്പോളൊന്നും സമരം നിര്‍ത്താതെ, ഒടുവില്‍ എങ്ങുമെത്താതെ നിരാഹാരം അവസാനിപ്പിച്ചുവെന്ന പഴി പ്രതിപക്ഷത്തിന് കേള്‍ക്കേണ്ടിവരുമെന്ന് ഉറപ്പ്. തീരുമാനമാകാതെ പിരിഞ്ഞ സമരങ്ങളെ, തോറ്റസമരമെന്ന് വിളിച്ച തങ്ങളുടെ തന്നെ മുന്‍കാല വാക്കുകള്‍ യുഡിഎഫിന് തിരിച്ചടിയാകും. സമരത്തിനിടെ കെ എസ് യു കാട്ടിയ നമ്പറുകളും നവമാധ്യമലോകത്ത് എന്നും നിറഞ്ഞുനില്‍ക്കും.ചിലയാളുകളെ ഫെയ്‌സ്ബുക്കിന് പുറത്ത് സമരത്തിനിറക്കാനായി എന്നതും കോണ്‍ഗ്രസിന് ഗുണമാകും. മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി സ്വാശ്രയസമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ സൂപ്പര്‍ പ്രതിപക്ഷനേതാവാകാന്‍ ശ്രമിച്ചിരുന്നു. സ്വാശ്രയസമരത്തിന് ഈ ഘട്ടത്തില്‍ വിജയപര്യവസാനമുണ്ടായെങ്കില്‍, അത് ഉമ്മന്‍ചാണ്ടിയുടെ വിജയമായി കൂടി വിലയിരുത്തും. അതേസമയം സമരം വിജയമായി മാറാത്തതിനാല്‍ ഉമ്മന്‍ചാണ്ടിക്ക് കാര്യമായി സ്വാധീനം ചെലുത്താനാകില്ലെന്നുറപ്പ്.

ഏറ്റവും ദയനീയമായ കാര്യം, തങ്ങള്‍ തന്നെ രക്തസാക്ഷികളാക്കിയവരുടെ കാര്യമുള്‍പ്പെടെ യുഡിഎഫിന് തന്നെ പറഞ്ഞു നടക്കേണ്ടി വന്നുവെന്നതാണ്. സ്വാശ്രയ പ്രശ്നത്തില്‍ എല്ലാക്കാലത്തും വില്ലന്‍റെ റോളില്‍ നിന്ന കോണ്‍ഗ്രസും യുഡിഎഫും ഇന്ന് വിളിച്ചുപറയുന്നതിന്‍റെ ആത്മാര്‍ത്ഥത, ജനം എത്രത്തോളം ഗൌരവത്തിലെടുക്കുമെന്നതും എന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്.

ബിജെപി അഥവാ കാറ്റുപോയ ബലൂണ്‍

സ്വാശ്രയസമരം വരുന്നതിന് മുന്‍പ് കേരളത്തിലെ മുഖ്യപ്രതിപക്ഷ ശബ്ദം ബിജെപിയുടേതായിരുന്നു. അക്കൗണ്ട് തുറന്നത് മാത്രമായിരുന്നില്ല ആ ശബ്ദം. കേരളത്തിലെ ഏതാണ്ടെല്ലാ വിഷയത്തിലും കോണ്‍ഗ്രസും യുഡിഎഫും നിലപാടെടുക്കാന്‍ മടിച്ചപ്പോള്‍, നിലപാടുമായി രംഗത്തെത്തിയത് ബിജെപിയായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ദേശീയ കൗണ്‍സിലിന് ശേഷം കേരളം പ്രതീക്ഷിച്ചത്. ഒരുപക്ഷെ കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ തന്നെ ഒരു ദേശീയ കൗണ്‍സില്‍ നടത്തിയതിന് പിന്നിലെ കാരണവും ബിജെപിയുടെ വളര്‍ച്ചയ്ക്ക് വേഗം പകരുക എന്നത് തന്നെയായിരിക്കാം. പക്ഷെ, ബിജെപി കേരളത്തില്‍ അപ്രസക്തമാകുന്നതാണ് ദേശീയ കൗണ്‍സിലിന് ശേഷം കണ്ടത്. സ്വാശ്രയവിഷയത്തില്‍ ബിജെപി ഇടപെട്ടേയില്ല, ബിജെപി അംഗം നിയമസഭയിലും തുടര്‍ന്നത് മൗനം തന്നെ. ഒടുവില്‍ ഒന്ന് സമരത്തിനൊരുങ്ങി വരുമ്പോളേക്കും സമരം അവസാനത്തിന്റെ വക്കിലുമായിപ്പോയി. പിണറായി സര്‍ക്കാരിനെതിരെയുള്ള ശബ്ദമായി യുഡിഎഫ് ഉയര്‍ന്നപ്പോള്‍, ശബ്ദമില്ലാത്തവരായി ബിജെപി ഒതുങ്ങി. വര്‍ഷങ്ങളായി കേരളത്തിലെ പ്രശ്‌നങ്ങളില്‍ പുലര്‍ത്തിയ ജാഗ്രതയാണ് ബിജെപിക്ക് സ്വാശ്രയ പ്രശ്‌നത്തില്‍ കൈമോശം വന്നിരിക്കുന്നത്. ഏറ്റവുമൊടുവില്‍ രാജഗോപാല്‍ വിഷയത്തിലെ സുരേന്ദ്രന്റെ മൗനവും സൂചിപ്പിക്കുന്നത് ഇതുതന്നെ

മാനേജ്‌മെന്റുകളുടെ ഭാവി

പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും തങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഈ സ്വാശ്രസമരത്തോടെ വീണ്ടും മാനേജ്‌മെന്റുകള്‍ക്ക് കഴിഞ്ഞു. വിജിലന്‍സ്- ക്രൈംബ്രാഞ്ച് അന്വേഷണം ഡെമോക്രസിന്റെ വാളുപോലെ എന്നും തലയ്ക്ക് മുകളിലുണ്ടാകുമെന്ന് ഉറപ്പ്. സര്‍ക്കാര്‍ ഒന്നാഞ്ഞ് പിടിച്ചാല്‍, തങ്ങളെ അടുത്ത വര്‍ഷം വരച്ച വരയില്‍ കൊണ്ടുവരുത്താനാകുമെന്നും മാനേജ്‌മെന്റിന് ബോധ്യപ്പെട്ടു. അടുത്ത വര്‍ഷം ഫീസ് കുറയ്ക്കാനും ഇവര്‍ നിര്‍ബന്ധിതരാകും.മാനേജ്‌മെന്റുകള്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം സ്‌കോളര്‍ഷിപ്പ് കൊടുക്കാനാകും. എന്നാലീ നഷ്ടം സഹിക്കാന്‍ അവര്‍ തയ്യാറാകുമോ എന്നേ അറിയാനുള്ളൂ

ഇടതുസര്‍ക്കാരിനും പിണറായിക്കും രാഷ്ട്രീയവിജയം

ധാര്‍ഷ്ട്യമെന്നും ധിക്കാരിയെന്നുമെല്ലാം പേര് കേട്ടുവെങ്കിലും, രാഷ്ട്രീയ വിജയം കൈപ്പിടിയിലൊതുക്കാന്‍ പിണറായി വിജയനും സര്‍ക്കാരിനും കഴിഞ്ഞു. പ്രതിപക്ഷസമരത്തിന് ശുഭാന്ത്യമില്ലാതാക്കിയത് പിണറായി വിജയന്റെ നിലപാടുകള്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാരിന്റെ ക്ഷീണത്തെ രാഷ്ട്രീയമായി മറികടക്കാന്‍ പിണറായിക്ക് കഴിഞ്ഞു. കേരളത്തിന്റെ സ്വാശ്രയ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായാകും മാനേജ്‌മെന്റുകള്‍ കോടതിവിധിയുടെ ആനുകൂല്യത്തിലും, ഇങ്ങനെ മുട്ടുമടക്കുന്നത്.

എവിടെയും പരാജയം വിദ്യാര്‍ത്ഥികള്‍ക്ക്

സ്വാശ്രയ തര്‍ക്കത്തില്‍ എല്ലാവരും പരസ്പരം പോരടിച്ചപ്പോള്‍ നഷ്ടം പതിവുപോലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. ഫീസ് കുറയ്ക്കുന്നതിനും സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനും മാനേജ്‌മെന്റുകള്‍ പാതി മനസുമായി വന്നപ്പോള്‍, രാഷ്ട്രീയ പാരാജയമെന്ന വിലയിരുത്തല്‍ ഭയന്ന് തടയിട്ടത് സര്‍ക്കാര്‍ തന്നെയായിരുന്നു. എന്നും എവിടെയും രാഷ്ട്രീയപോരാട്ടത്തിന് വേദിയാകാനും ഒടുവില്‍ തോറ്റുതോറ്റുമടങ്ങാനും തന്നെയാണ് വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ഗതി.

സമരത്തിന് മാര്‍ക്കിടുന്നവരോട്, നിങ്ങള്‍ മാറ്റിനിര്‍ത്തിയവരെക്കുറിച്ച്

പിണറായിയുടെ മക്കള്‍ സ്വാശ്രയകോളേജില്‍ പഠിച്ചെന്ന് കരുതി ഇടതുപക്ഷത്തിന്റെ ഇടപെടലുകളെയും, ചെന്നിത്തലയുടെ മക്കള്‍ സ്വാശ്രയകോളേജില്‍ പഠിച്ചെന്ന പേരില്‍ പ്രതിപക്ഷത്തിന്റെ സമരങ്ങളേയും അളന്ന് ചെറുതാക്കുന്ന മാധ്യമരാഷ്ട്രീയ പ്രകടനങ്ങള്‍ തരംതാണതാണെന്ന് പറയാതെ വയ്യ.തന്റെ നാട്ടിലെ അവസാന പൗരന്റെയും ക്ഷേമത്തിനായി പടപൊരുതുന്നവരാണ് ഞങ്ങളെന്നാണ് എല്ലാ പാര്‍ട്ടികളും പറയുന്നത്, ജനം വിശ്വസിക്കുന്നതും അങ്ങനെയാണ്. നേതാവിന്റെ മകനങ്ങനെയായതുകൊണ്ട് , സാധാരണക്കാരന്റെ മക്കള്‍ക്ക് വേണ്ടി അയാള്‍ സംസാരിക്കരുത് എന്ന് പറയുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. മാധ്യമങ്ങള്‍ അങ്ങനെ പറഞ്ഞാലും, രാഷ്ട്രീയനേതൃത്വങ്ങള്‍ അങ്ങനെ ചിന്തിക്കുകയും ചെയ്യുകയും ചെയ്യുന്നത് അപകടകരമാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തണം രാഷ്ട്രീയക്കാര്‍. അവസാന വിദ്യാര്‍ത്ഥിക്കും സൗജന്യ നിരക്കില്‍ മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ പോരാടണം. ഇന്നലെയുള്ള വ്യക്തികളുടെയോ പ്രസ്ഥാനത്തിന്റെയോ ‘പിഴവിനെ’ കാട്ടി ഈ ഇടപെടലുകളെ ഡിഗ്രേഡ് ചെയ്യരുത്. ഒപ്പം സമരക്കാരുടെ എണ്ണത്തെ അളന്ന് സമരത്തിന് മാര്‍ക്കിടുന്നരീതിയും രാഷ്ട്രീയ നേതൃത്വങ്ങള്‍ പുനരാലോചിക്കേണ്ടത് തന്നെ

ഒരു കാര്യം കൂടി..മെഡിക്കല്‍ സീറ്റിനായി തല്ലുകൂടുന്നവര്‍ മറ്റുമേഖലയിലും വിദ്യാര്‍ത്ഥികളുണ്ടെന്ന് ഇടയ്ക്ക് ഓര്‍ക്കണം. തലതിരിഞ്ഞ നയങ്ങള്‍ വഴി അഡ്മിഷന്‍ കിട്ടി, പഠിച്ചും ചെയ്തുമെങ്ങുമെത്താനാകാതെ ഇയര്‍ ഔട്ടിനും ആത്മഹത്യയ്ക്കും വക്കിലുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെക്കുറിച്ചും, കാലിയായിക്കിടക്കുന്ന പതിനായിരക്കണക്കിന് എഞ്ചിനീയറിംഗ് സീറ്റിനെക്കുറിച്ചും നിങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം. പതിവുപോലെ എഞ്ചിനീയറിംഗ് മെഡിക്കല്‍ ബഹളത്തിനിടയില്‍ ആര്‍ക്കും വേണ്ടാതായിപ്പോകുന്ന ആര്‍ട്‌സ് ആന്റ് സയന്‍സ്, പോളീടെക്‌നിക് പോലെയുള്ള കോളേജുകളുമുണ്ട് സര്‍ നാട്ടില്‍. അവര്‍ക്കുമുണ്ട് ആയിരക്കണക്കിന് പ്രശ്‌നങ്ങള്‍. പ്രൊഫഷണലെന്ന ‘പേരി’ല്ലെങ്കിലും അവരും ഈ നാടിനാവശ്യമാണ്, അവര്‍ക്കുവേണ്ടിയും വേണം സര്‍ സമരങ്ങളും നിരാഹാരവുമെല്ലാം

DONT MISS
Top