അസംസ്‌കൃത എണ്ണ വില മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍, ബ്രെന്റ് ക്രൂഡ് ബാരലിന് 50 ഡോളറിന് മുകളില്‍

crude-oil

മുംബൈ : അസംസ്‌കൃത എണ്ണ വില മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് ഒരുഘട്ടത്തില്‍ 50 ഡോളറിന് മുകളില്‍ എത്തി. എണ്ണ വിപണിയെ നിലനിര്‍ത്താന്‍ കൂടുതല്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഒപ്പെക്കില്‍ ചേരണമെന്ന ഇറാന്റെ ആഹ്വാനമാണ് എണ്ണ വിലയില്‍ പ്രതിഫലിച്ചത്.

അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിടിവ് പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപ്പെക്ക് രാജ്യങ്ങള്‍ ധാരണയില്‍ എത്തിയിരുന്നു. പ്രതിദിന എണ്ണ ഉല്‍പ്പാദനം 3.25 കോടി ബാരലിനും 3.3 കോടി ബാരലിനും ഇടയില്‍ പരിമിതപ്പെടുത്താനാണ് ധാരണയായത്. ആഗോള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കിന്റെ തീരുമാനം എണ്ണ വിലയില്‍ പ്രതിഫലിച്ചു.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ മാത്രം പോയവാരം ഏഴു ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 50 ഡോളറിന് മുകളിലെത്തിയത്. ഡോളറിന്റെ മൂല്യം താഴ്ന്നതും എണ്ണയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെനിസ്വല പ്രസിഡന്റ് നിക്കോളസ് മഡൂറോയുമായുളള ടെലിഫോണ്‍ സംഭാഷണത്തില്‍ എണ്ണ വില ഉയരേണ്ടതിന്റെ ആവശ്യകത ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉന്നയിച്ചതായി ടെഹ്‌റാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒപ്പെക് പദ്ധതിയുടെ ഭാഗമാകാന്‍ മറ്റൊരു എണ്ണ ഉല്‍പ്പാദക രാജ്യമായ റഷ്യ സന്നദ്ധത അറിയിച്ചിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഒപെകിന്റെ ഭാഗമാകുന്നത് അന്താരാഷ്ട്രവിപണിയില്‍ എണ്ണ വില ഉയരാന്‍ സഹായകമാകുമെന്ന് റഷ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. നവംബറില്‍ നടക്കുന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ഓരോ രാജ്യവും ഉല്‍പ്പാദിപ്പിക്കേണ്ട എണ്ണയുടെ പരിധി നിശ്ചയിക്കുമെന്നാണ് പ്രതീക്ഷ. ഒപെകിന് വെളിയിലുളള രാജ്യങ്ങളും ഇതിനോട് യോജിച്ചാല്‍ എണ്ണ ഉല്‍പ്പാദനത്തിന് പരിധി നിശ്ചയിക്കപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ എണ്ണവില വര്‍ധന സമീപഭാവിയിലും തുടര്‍ന്നേക്കുമെന്നാണ് സൂചന.

DONT MISS
Top