മകന്‍ രാജ്യദ്രോഹിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല, അവന്‍ നിരപരാധിയാണ്: സഫ്‌വാന്റെ ഉമ്മ

nia

തിരൂര്‍: ഐഎസ് ഗൂഡാലോചനയുടെ പേരില്‍ അറസ്റ്റിലായ തിരൂര്‍ പൊന്മുണ്ടം സ്വദേശി സഫ്‌വാന്‍ നിരപരാധിയെന്ന് യുവാവിന്റെ ഉമ്മ. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോകുകയാണെന്ന് പറഞ്ഞാണ് മകന്‍ വീട് വിട്ടത്. രാജ്യ വിരുദ്ധമായ യാതൊരു പ്രവര്‍ത്തനങ്ങളോ, സംശയകരമായ രീതിയിലുളള പെരുമാറ്റമോ സഫ്‌വാനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് സുഹൃത്തുക്കളും റിപ്പോര്‍ട്ടറോട് പറഞ്ഞു. തേജസ് ദിനപത്രത്തിലെ ജീവനക്കാരനായ സഫ്‌വാന്‍, സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടിയാണ്.

ഐഎസ് ബന്ധത്തിന്റെ പേരില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയെന്ന വാര്‍ത്ത ചാനലുകളില്‍ കണ്ടതിന്റെ ഞെട്ടലിലാണ് സഫ്‌വാന്റെ ഉമ്മ. മകന് രാജ്യദ്രോഹിയാണെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മകനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് കഴിഞ്ഞ രാത്രി വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും രാജ്യവിരുദ്ധമായ യാതൊരു പ്രവര്‍ത്തനങ്ങളും മകന്‍ നടത്തിയിരുന്നില്ലെന്നും സഫ്‌വാന്റ ഉമ്മ റിപ്പോട്ടറോട് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സഫ്‌വാന് വേണ്ടി നിയമസഹായം നല്‍കാന്‍ സംഘടന തലത്തില്‍ നീക്കം നടത്തുന്നതിനാല്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നേതാക്കള്‍ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വീട്ടില്‍ അധിക ദിവസം താമസിക്കാറില്ലാത്ത സഫ്‌വാന് നാട്ടിലും സൗഹൃദങ്ങള്‍ കുറവായിരുന്നു. എന്‍ഐഎയുടെ നിര്‍ദേശ പ്രകാരം വീട്ടിലെത്തിയ തിരൂര്‍ പൊലീസ്, സഫ്‌വാന്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ്, ടാബ്ലറ്റ്, പുസ്തകങ്ങള്‍ എന്നിവ പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം പാനൂര്‍ കനകമലയില്‍ നിന്നാണ് ഐഎസ് ബന്ധം ആരോപിച്ച എന്‍ഐഎ സംഘം സഫ്‌വാനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.

DONT MISS
Top