സൗദിയില്‍ വിദേശികള്‍ക്ക് തിരിച്ചടി; കുടുംബ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് 2000 റിയാല്‍ എന്‍ട്രി ഫീസ് നിര്‍ബന്ധമാക്കി

vstrs

റിയാദ്: സൗദി അറേബ്യയില്‍ കുടുംബ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ 2000 റിയാല്‍ എന്‍ട്രി ഫീസ് അടക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. നേരത്തെ കുടുംബ സന്ദര്‍ശന വിസക്ക് ഫീസ് വര്‍ധനവ് ബാധകമാണോ എന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇന്ന് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് സൗദി കോണ്‍സുലേറ്റ് വിതരണം ചെയ്തു.

രണ്ടു മാസം മുമ്പ് മന്ത്രി സഭാ യോഗമാണ് വിസ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സിംഗിള്‍ എന്‍ട്രി ഫീസ് 2000 റിയാലായി ഉയര്‍്ത്തുമെന്നായിരുന്നു മന്ത്രി സഭാ തീരുമാനം. എന്നാല്‍ കുടുംബ സന്ദര്‍ശന വിസക്കു ഇത് ബാധകമാണോ എന്ന ആശയ കുഴപ്പം നിലനിന്നിരുന്നു. കുടുംബാംഗങ്ങളില്‍ ഓരോ പാസ്‌പോര്‍ട്ട് ഉടമയും 2000 റിയാല്‍ എന്‍ട്രി ഫീസ് അടക്കണം. നേരത്തെ 200 റിയാല്‍ വിസ സ്റ്റാമ്പിംഗ് ഫീസും പത്തര ഡോളര്‍ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്‌സ് ഫീസും സര്‍വീസ് ചാര്‍ജ്ജും ഉള്‍പ്പെടെ 5000 രൂപ മാത്രമാണ് ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കിയിരുന്നത്. പുതിയ നിയമ പ്രകാരം ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെ മൂന്നംഗ കുടുംബത്തിന് സന്ദര്‍ശം വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവ് വരും.

അതേസമയം, പുതിയ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് എന്‍ട്രി ഫീസ് 2000 റിയാല്‍ ബാധകമാണോ എന്ന കാര്യം സര്‍ക്കുലറില്‍ വ്യക്തമല്ല.നയതന്ത്ര ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ വിസകള്‍ക്ക് എന്‍ട്രി ഫീസ് ബാധകമല്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top