സൗദിയില്‍ സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ നിര്‍ത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ശൂറാ കൗണ്‍സില്‍

internet

റിയാദ്: സൗദി അറേബ്യയില്‍ സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ നിര്‍ത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കമ്യൂണിക്കേഷന്‍ ആന്റ് ഇന്ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനോട് ഇതുസംബന്ധിച്ച് വിശദീകരണം തേടുമെന്നും ശൂറാ കൗണ്‍സില്‍ അറിയിച്ചു.

സ്‌കൈപ്, ഫെയ്‌സ്ബുക് തുടങ്ങിയ സോഫ്ട്‌വെയര്‍ ആപ്ലിക്കേഷനുകള്‍ രാജ്യത്ത് വ്യാപകമാണെങ്കിലും സൗജന്യ കോളിംഗ് സേവനം ലഭ്യമല്ല. നേരത്തെ സൗജന്യ വീഡിയോ, ഓഡിയോ ചാറ്റിംഗ് സോഫ്ട്‌വെയറുകള്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്യൂണിക്കേഷന്‍ ആന്റ് ഇന്ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ കാരണം വ്യക്തമാക്കണമെന്ന് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.

ടെലികോം കമ്പനികള്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് സൗകര്യം അനുവദിക്കുന്നതും അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു. പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് കണക്ഷന്‍ എടുത്തവര്‍ക്ക് നിശ്ചിത ക്വാട്ട കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കും. രാജ്യം സംവിധാനങ്ങളിലേക്ക് ദ്രുതഗതിയില്‍ മാറുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് ഉപഭോക്താക്കളും ആവശ്യപ്പെട്ടു.

അതേസമയം, ടെലികോം കമ്പനികള്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് നിര്‍ത്തിയത് സംബന്ധിച്ച് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശൂറാ കൗണ്‍സില്‍ ഐ.ടി കാര്യ സമിതി മേധാവി മേജര്‍. ജനറല്‍ നാസര്‍ അല്‍ ശൈബാനി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാനുളള നിയന്ത്രാണാധികാരം കമ്മീഷനാണ്. ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കമ്മീഷന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top