തമിഴ് സംവിധായകന്‍ പീഡിപ്പിച്ചു; മലയാളി നടി ആത്മഹത്യക്ക് ശ്രമിച്ചു

ആതിര സന്തോഷ്

ആതിര സന്തോഷ്

സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ താരം ആതിര സന്തോഷ് എന്ന അതിഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആതിരയുടെ വീഡിയോ ഒരു ചാനലിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

സംഭവുമായി ബന്ധപ്പെട്ട് സെല്‍വ കണ്ണന്‍ എന്ന തമിഴ് നവാഗത സംവിധായകനെതിരെ അതിഥി വിരുംഗപാക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. തന്നെ തുടര്‍ച്ചയായി മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നെന്ന് പാരതിയില്‍ പറയുന്നു.

നെടുനാള്‍ വാടെ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അതിഥി. സെല്‍വ കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെല്‍വ കണ്ണന്‍ താരത്തെ ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. ഇത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി വീഡിയോയില്‍ പറയുന്നു. ഇതിനിടയില്‍ സെല്‍വ അതിഥിയോട് പ്രേമാഭ്യര്‍ത്ഥന നടത്തി. താരം നിരസിച്ചതോടെ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അതിഥി സിനിമയില്‍ നിന്നും പിന്‍വാങ്ങി. സംവിധായകനെതിരെ നടികര്‍ സംഘം, സംവിധായകരുടെ സംഘം എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട് ഒരുവര്‍ഷമായി. ചിത്രത്തിലെ ആദ്യ നായകനെ പലകാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി. പുതിയ നായകനെ തീരുമാനിച്ചു. ഇതിന്റെ പേരില്‍ ഷൂട്ടിംഗ് മനപ്പൂര്‍വ്വം നീട്ടി. സെറ്റില്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നില്ല. എപ്പോള്‍ ഉറങ്ങണം, എന്ത് കഴിക്കണം എന്നൊക്കെ തീരുമാനിച്ചിരുന്നത് അയാളാണ്. മുറിയില്‍ വന്ന് എന്നെ ഉപദ്രവിക്കുമായിരുന്നു. അതൊക്കെ പറയാന്‍ പേടിയാണ്. ഇത് എന്റെ ആദ്യ സിനിമയായിരുന്നു. അറിയാത്ത ലോകം ആയിരുന്നതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. താരം പറഞ്ഞു.

പരാതി പറയാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ നിന്നും തിക്താനുഭവാണ് ഉണ്ടായതെന്ന് അതിഥി വ്യക്തമാക്കുന്നു. പൈസ വാങ്ങിയല്ലേ അഭിനയിക്കാന്‍ പോയത്, അപ്പോള്‍ പറയുന്നതൊക്കെ അനുസരിക്കേണ്ടി വരും എന്നായിരുന്നു പൊലീസുകാര്‍ പറഞ്ഞത്. താരം ആരോപിച്ചു.

അതേസമയം ആരോപണങ്ങള്‍ സംവിധായകന്‍ സെല്‍വ കണ്ണന്‍ നിഷേധിച്ചിട്ടുണ്ട്.

DONT MISS
Top