‘കിറുക്കന്‍’ ജാക്ക് സ്പാരോ വീണ്ടും വരുന്നു, പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്റെ പുതിയ പതിപ്പിന്റെ ടീസര്‍

johny-depp
ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ ഒന്നാണ് വാള്‍ഡ് ഡിസ്‌നിയുടെ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍. പരമ്പരയിലെ അഞ്ചാം ഭാഗത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം വാള്‍ഡ് ഡിസ്‌നി പുറത്തിറക്കി. സദാ മദ്യപിച്ച് നടക്കുന്ന കിറുക്കന്‍ കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി ജോണി ടെപ്പ് വീണ്ടും എത്തുകയാണ്. പതിവ് പോലെ വില്‍ ടര്‍ണറായി ഒര്‍ലാന്റോ ബ്ലൂമുമുണ്ട് കൂട്ടിന്. മുന്‍ ഭാഗങ്ങളെപ്പോലെ തന്നെ സസ്‌പെന്‍സ് നിറഞ്ഞ ടീസറാണ് പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍ ടെല്‍ നോ ടേല്‍സിന്റേതും.

ജാക്ക് സ്പാരോയെ കാണിക്കുന്നില്ല എന്നതാണ് ടീസറിന്റെ പ്രത്യേകത. ചിത്രത്തിലെ വില്ലനായ ക്യാപ്റ്റന്‍ സലാസറിനെ പരിചയപ്പെടുത്തുന്ന ടീസറില്‍ മുന്‍ ഭാഗങ്ങളിലെ മറ്റ് കഥാപാത്രങ്ങളെ ആരേയും കാണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ക്യാപ്റ്റന്‍ സലാസറായി ജാവിയേര്‍ ബാര്‍ഡെമാണ് രംഗത്തെത്തുന്നത്. ഡെവിള്‍സ് ട്രയാഗിളില്‍ നിന്നും രക്ഷപ്പെട്ട് വരുന്ന ക്യാപ്റ്റന്‍ സലാസര്‍ ജാക്ക് സ്പാരോയെ തെരഞ്ഞെ് വരുന്ന രംഗമാണ് ടീസറില്‍ ഉള്ളത്. ജാക്കിനെ വധിക്കുന്ന എന്ന ലക്ഷ്യവുമായാണ് സലാസര്‍ തന്റെ സംഘവുമായി വരുന്നത്. അത്യന്തം ഉദ്വേഗജനകമായ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

ടീസറിലെ ഒരു രംഗം

ടീസറിലെ ഒരു രംഗം

ജുവാചിം റോണിംഗും എസ്‌പെന്‍ സാന്റ് ബെര്‍ഗും സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക. കിടിലന്‍ ആക്ഷനും കുറിക്ക് കൊള്ളുന്ന തമാശ രംഗങ്ങള്‍ കൊണ്ടും ലോകമുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ജാക്കിന്റെ തിരിച്ചു വരവിനായ് സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. ഒരു കഥാപാത്രത്തിന്റെ പേരില്‍ ഒരു നടനെ അടയാളപ്പെടുത്തിയ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അത്തരത്തില്‍ ഒന്നാണ് പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍. എന്ത് വേലത്തരം കാണിച്ചും കാര്യം സാധിക്കാനുള്ള ജാക്കിന്റെ കഴിവ് അപാരം തന്നെയാണ്. തന്റെ വില്ലത്തരങ്ങളുമായി അവന്‍ വീണ്ടും എത്തുമ്പോള്‍ ചെറുതൊന്നുമല്ല ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

DONT MISS
Top