ഗുണനിലവാരം കുറഞ്ഞ ക്ലാഡിംഗ് ഷീറ്റുകള്‍ സൗദി അറേബ്യ നിരോധിച്ചു

soudi

റിയാദ് : സൗദി അറേബ്യയില്‍ കെട്ടിടങ്ങള്‍ ക്ലാഡിംഗ് ഉപയോഗിച്ച് മോടിപിടിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രാലയം പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അഗ്നിബാധ ചെറുക്കുന്ന ഗുണനിലവാരമുളള ക്ലാഡിംഗ് ഷീറ്റുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കുകയുളളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഗുണനിലവാരം കുറഞ്ഞ ക്ലാംഡിംഗ് ഷീറ്റുകള്‍ ഉപയോഗിച്ചുളള നിര്‍മ്മാണം നിരോധിച്ച് മുനിസിപ്പല്‍ കാര്യ മന്ത്രി എഞ്ചിനീയര്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ മാലിക് അല്‍ശൈഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നഗരസഭകളില്‍ നിന്ന് ലൈസന്‍സ് ആവശ്യമുളള മുഴുവന്‍ കെട്ടിടങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്. സൗദി സ്റ്റാന്റേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ എന്നിവയുടെ അംഗീകാരമുള്ള ഉത്പ്പന്നമായിരിക്കണം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. അഗ്നിയെ പ്രതിരോധിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ക്ലാഡിംഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് നഗരസഭകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ചില്ലുകളും അലൂമിനിയവും ഉപയോഗിച്ച് മോടിപിടിപ്പിക്കുന്ന കെട്ടിടങ്ങളില്‍ അഗ്നിബാധ തടയുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ വിദഗ്ദ സമിതി പഠനം നടത്തിയിരുന്നു. ക്ലാഡിംഗിന് ഉപയോഗിക്കുന്ന അലൂമിനിയം ഷീറ്റുകള്‍ അഗ്നിബാധ ചെറുക്കുന്നവയായിരിക്കണമെന്ന് സമിതി ശുപാര്‍്ശ ചെയ്തിരുന്നു. മാത്രമല്ല കെട്ടിടങ്ങളുടെ ഉളളില്‍ തീയും വിഷവാതകവും പ്രവേശിക്കുന്നത് തടയുന്നതിന് ക്ലാഡിംഗ് വര്‍ക്കുകള്‍ക്കും ഭിത്തികള്‍ക്കു മിടയിലുള്ള സ്ഥലം തീ പിടിക്കാത്ത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അടക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

DONT MISS
Top