അബൂദാബി കിരീടാവകാശി റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകും

abhudabi

ദില്ലി: ഇന്ത്യയുടെ അറുപത്തിയെട്ടാം റിപബ്ലിക് ദിനാഘോഷത്തില്‍ അബുദാബി കിരീടവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഔദ്യോഗികമായി ക്ഷണിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ക്ഷണം സ്വീകരിക്കുന്നതായി അബുദാബി കിരീടവകാശിയും വ്യക്തമാക്കി.

ഇന്ത്യന്‍ വിദേശാകാര്യവകുപ്പ് വക്താവ് വികാശ് സ്വരൂപ് ട്വിറ്ററിലൂടെ ആണ് ഈ വിവരം അറിയിച്ചത്. ഇന്ത്യയുടെ ക്ഷണം സ്വീകരിക്കുന്നതായും റിപബ്ലിക് ദിനാഘോഷത്തിലേക്കുള്ള ക്ഷണത്തിന് നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ട്വീറ്റ് ചെയ്തു. ഇന്ത്യയും യുഎഇയും തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധമാണെന്നും അബുദാബി കിരീടവകാശി വ്യക്തമാക്കി. 2006ല്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവാണ് ഇതിന് മുമ്പ് ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ അതിഥിയായി പങ്കെടുത്തത്.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ ഇന്ത്യ റിപബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായി ക്ഷണിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടുകളായി മികച്ച ബന്ധമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ളത്. ഇരുപത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎഇയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയും സന്ദര്‍ശിച്ചിരുന്നു. തൊട്ടുപിന്നാലെ അബുദാബി കിരീടവകാശി ഇന്ത്യയിലും എത്തിയിരുന്നു.

DONT MISS
Top