ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിയുടെ നെഞ്ച് പിളര്‍ന്ന് ടോട്ടന്‍ഹാം, യുണൈറ്റഡിനെ സ്റ്റോക്സിറ്റി സമനിലയില്‍ തളച്ചു

dally

ഗോള്‍ നേടിയ ഡെലി അലിയുടെ ആഹ്ലാദം

ലണ്ടന്‍:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി. കരുത്തരായ ടോട്ടന്‍ഹാം ഹോട്‌സ്പറാണ് സിറ്റിയെ പരാജയപ്പെടുത്തിയത്.എതിരില്ലാത്ത 2 ഗോളുകള്‍ക്കായിരുന്നു ടോട്ടന്‍ഹാമിന്റെ വിജയം. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്‌റ്റോക്ക് സിറ്റിയോട് സമനില വഴങ്ങേണ്ടി വന്നു.

ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികളെ നിലംപരിശാക്കിയാണ് ടോട്ടന്‍ഹാമിന്റെ വിജയം. മത്സരത്തിന്റെ 7ആം മിനുറ്റില്‍ സിറ്റിതാരം അലക്‌സാണ്ടര്‍ കോലറോവിന്റെ സെല്‍ഫ് ഗോളാണ് ടോട്ടെന്‍ഹാമിന് ലീഡ് സമ്മാനിച്ചത്. രണ്ടാംപകുതിയില്‍ തന്നെ ടോട്ടെന്‍ഹാം സിറ്റിയുടെ കഥകഴിച്ചു. കൗമാരക്കാരന്‍ ഡെലി അലിയാണ് ഇത്തവണ സിറ്റിയുടെ പ്രതിരോധം പിളര്‍ത്തിയത്. രണ്ടാം പകുതിയില്‍ മത്സരത്തിലേക്ക് മടങ്ങിവരാന്‍ സിറ്റി വിയര്‍ത്തുകളിച്ചെങ്കിലും ടോട്ടെന്‍ഹാം പ്രതിരോധ നിരയുടെ മുമ്പില്‍ സിറ്റിക്ക് അടിപതറി.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്‌റ്റോക് സിറ്റി സമനിലയില്‍ കുരുക്കി. നായകന്‍ വെയ്ന്‍ റൂണിയെ ഒരിക്കല്‍ക്കൂടി പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് യുണൈറ്റഡ് ഇറങ്ങിയത്. നിരവധി അവസരങ്ങള്‍ പാഴാക്കിയ യുണൈറ്റഡിന് തങ്ങളുടെ ആദ്യഗോളിനായി 69 മിനുറ്റുവരെ കാത്തിരിക്കേണ്ടി വന്നു. ആന്റണി മാര്‍ഷ്യലാണ് യുണൈറ്റഡിന്റെ ഗോള്‍ നേടിയത്. ഒരു ഗോളിന്റെ നേരിയ ലീഡില്‍ കടിച്ചു തൂങ്ങാന്‍ യുണൈറ്റ് ശ്രമിച്ചപ്പോള്‍ ജോയ് അലന്‍ ചുവന്നചെകുത്താന്‍മാരെ ശിക്ഷിച്ചു. പ്രീമിയര്‍ ലീഗില്‍ ഒരു സമനിലകൂടി പിണഞ്ഞത് മൗറീഞ്ഞോയുടെയും കൂട്ടരുടെയും ഉറക്കം കെടുത്തുകയാണ്.

DONT MISS
Top