ഇന്ത്യയ്ക്ക് പിന്തുണയുമായി നേപ്പാളും; ഭീകരവാദം തടയേണ്ടത് സാര്‍ക്ക് രാജ്യങ്ങളുടെ ഉത്തരവാദിത്വമാണെന്ന് നേപ്പാള്‍

saarc

കാഠ്മണ്ഡു: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കേണ്ടത് സാര്‍ക്ക് അംഗ രാജ്യങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സാര്‍ക്ക് അധ്യക്ഷനായ നേപ്പാള്‍. അന്തരീക്ഷം ഉചിതമല്ലാത്തതിനാല്‍ ഇസ്‌ലാമബാദില്‍ വെച്ച് നടത്തേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടി സമ്മേളനം മാറ്റി വെയ്‌ക്കേണ്ട സാഹചര്യം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് നേപ്പാള്‍ ഞായറാഴ്ച വ്യക്തമാക്കി.

അര്‍ത്ഥവത്തായ സഹകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേഖലയില്‍ സമാധാന അന്തരീക്ഷം അത്യാവശ്യമാണെന്ന് നേപ്പാള്‍ അറിയിച്ചു. ഇസ്‌ലാമബാദിലെ അന്തരീക്ഷം സമ്മേളനത്തിന് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യയ്ക്ക് പിന്നാലെ മറ്റ് നാല് രാഷ്ട്രങ്ങള്‍ കൂടി സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും വിട്ടു നിന്നതിന്റെ പശ്ചാത്തലത്തിലാണ് നേപ്പാളിന്റെ പ്രതികരണം. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് സാര്‍ക്ക് സമ്മേളനം പാകിസ്താന്‍ മാറ്റി വെയ്ക്കുകയായിരുന്നു.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പോരാടുന്ന രാജ്യാന്തര സമുഹത്തിന് നേപ്പാള്‍ എന്നും പിന്തുണയേകുമെന്നും എല്ലാ തരത്തിലുമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെയും നേപ്പാള്‍ അപലപിക്കുന്നുവെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്തിടെ സെപ്തംബര്‍ 18ന് നടന്ന ഉറി ഭീകരാക്രമണത്തെ നേപ്പാള്‍ ശക്തമായി അപലപിച്ചിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

സാര്‍ക്ക് അധ്യക്ഷന്‍ എന്ന നിലയില്‍ സമ്മേളനത്തിന് പര്യാപ്തമായ അന്തരീക്ഷം അനിവാര്യമാണെന്നത് മനസിലാക്കുന്നുവെന്നും, അംഗ രാഷ്ട്രങ്ങളുടെയെല്ലാം പങ്കാളിത്തത്തോടെ 19 മത് സാര്‍ക്ക് സമ്മേളനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ തങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും നേപ്പാള്‍ വ്യക്തമാക്കി. നേരത്തെ, അംഗ രാഷ്ട്രങ്ങളുമായി ചര്‍ച്ചകള്‍ നടത്തി സാര്‍ക്ക് സമ്മേളനം നടത്താന്‍ ശ്രമിക്കുമെന്ന് നേപ്പാള്‍ വിദേശകാര്യ പ്രതിനിധി പ്രകാശ് ശരണ്‍ മാഹത് അറിയിച്ചിരുന്നു.

ഇന്ത്യയ്‌ക്കൊപ്പം, ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളും സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും വിട്ടുമാറുന്നു എന്ന് പ്രഖ്യാപിച്ചതോടെ പാകിസ്താന്‍ സമ്മേളനം മാറ്റി വച്ചെന്നറിയിക്കുകയായിരുന്നു.

DONT MISS
Top