ഐസിസി മത്സരങ്ങളില്‍ ഇന്ത്യയേയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ബിസിസിഐ

ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍

ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍

മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് പാകിസ്താനോടൊപ്പം ഒരേ ഗ്രൂപ്പില്‍ ഇന്ത്യ കളിക്കേണ്ടന്ന് ബിസിസിഐ തീരുമാനം. ചാമ്പ്യന്‍സ് ട്രോഫിയടക്കമുള്ള അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ഇരു ടീമുകളേയും വിവിധ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തണമെന്ന് ഐസിസിയോട് ബിസിസിഐ ആവശ്യപ്പെട്ടു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റേയും നിയന്ത്രണ രേഖയിലെ തുടര്‍ വെടിവെപ്പുകളുടേയും പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ മീറ്റിംഗിലാണ് തീരുമാനം.

പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യന്‍ തന്ത്രത്തേയും രാജ്യത്തെ ജനങ്ങളുടെ വികാരത്തേയും മാനിച്ചാണ് തീരുമാനമെടുത്തതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രണ്ട് ടീമുകളും എതെങ്കിലും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുകയാണെങ്കില്‍ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് മാസങ്ങള്‍ക്ക് ശേഷം ആരംഭിക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ് ഇരു ടീമുകളും കളിക്കുന്ന അടുത്ത ടൂര്‍ണ്ണമെന്റ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന്റെ ചിരവൈരവും ആരാധക പിന്തുണയും കണക്കിലെടുത്ത് ഇരു ടീമുകളെയും ഒരേ ഗ്രൂപ്പില്‍ ഇടാറാണ് പതിവ്. രാജ്യങ്ങള്‍ക്കിടയിലെ യുദ്ധ സമാനമായ സാഹചര്യത്തില്‍ പാകിസ്താനുമായി പരമ്പരയ്ക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. അനശ്ചിതത്വത്തിലായിരുന്ന ഇന്ത്യ-പാക്ക് മത്സരങ്ങളുടെ സാധ്യത ഇതോടെ നിലച്ചിരിക്കുകയാണ്.

DONT MISS
Top