പാക് താരങ്ങളെ പ്രകീര്‍ത്തിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ സല്‍മാന്റെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് രാജ് താക്ക്റെ

salman

മുംബൈ: സല്‍മാനെതിരെ രൂക്ഷ വിമര്‍ശനുമായി രാജ് താക്കറെ രംഗത്ത്. പാക് താരങ്ങളെ അനുകൂലിക്കുന്നത് സല്‍മാന്‍ ഖാന്‍ നിര്‍ത്തിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ സിനിമകളെ ഇന്ത്യയില്‍ നിരോധിക്കുമെന്ന് രാജ് താക്കറെ പറഞ്ഞു. പാക് താരങ്ങളെ വിലക്കുന്നതിനെതിരെ സല്‍മാന്‍ഖാന്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെയാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ രംഗത്തെത്തിയിരിക്കുന്നത്.

രൂക്ഷമായ ഭാഷയിലാണ് രാജ് താക്കറെ സല്‍മാനെതിരെ തിരിഞ്ഞിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ രാജ്യത്തിനൊപ്പമാണ് നില്‍ക്കേണ്ടത്, പാകിസ്ഥാനെ അനുകൂലിക്കുന്നത് തുടര്‍ന്നാല്‍ താരത്തിന്റെ ചിത്രങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുമെന്നും രാജ് താക്കറേ പറഞ്ഞു. കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലേയും ചലചിത്രപ്രവര്‍ത്തകര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് നിന്നത്. രജനീകാന്ത് അടക്കമുള്ളവര്‍ പ്രശ്‌നപരിഹാരത്തിനായി റോഡിലിറങ്ങിയ സംഭവം വരെയുണ്ട്. സല്‍മാന്‍ അടക്കമുള്ളവര്‍ രാജ്യത്തിനുവേണ്ടിയാണ് നില്‍ക്കേണ്ടതെന്നും താക്കറെ പറഞ്ഞു. ഇന്ത്യയില്‍ മികച്ച അഭിനേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണോ പാകിസ്ഥാനില്‍ നിന്നും വരുത്തുന്നതെന്നും സ്വന്തം രാജ്യത്ത് ആദരവ് ലഭിക്കാത്തവരെ ഇന്ത്യയില്‍ കൊണ്ടുവരുന്നതുകൊണ്ട് പ്രയോജനമില്ലെന്നും രാജ് താക്കറെ വിമര്‍ശിച്ചു.

ഉറിയില്‍ ഭീകരാക്രമണം നടത്തിയത് തീവ്രവാദികളാണെന്നും പാക് താരങ്ങളല്ലെന്നുമായിരുന്നു ഇന്നലെ സല്‍മാന്‍ പറഞ്ഞത്. അവര്‍ക്ക് വിലക്കേര്‍പ്പടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും സല്‍മാന്‍ നിലപാടെടുത്തു. സല്‍മാന്‍ ഖാന്റെ നിലപാടിനെ എതിര്‍ത്ത് ശിവസേനയുടെ വനിതാ നേതാവ് മനീഷ കയാണ്ടേയും രംഗത്തെത്തിയിരുന്നു. പാകിസ്ഥാനോട് അനുഭാവമുള്ള സല്‍മാന്‍ അങ്ങോട്ട് കുടിയേറിക്കൊള്ളാനായിരുന്നു അവരുടെ പ്രതികരണം. സല്‍മാന്‍ ഖാന്‍ ഇനിയും പാക് താരങ്ങളെ അനുകൂലിക്കുകയാണെങ്കില്‍ താരത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന.

DONT MISS
Top