ജയലളിതയുടെ വിദഗ്ധ ചികിത്സക്കായി വിദേശത്തു നിന്നും ഡോക്ടറെത്തി

jayalalitha

ജയലളിത (ഫയൽ ചിത്രം)

ചെന്നൈ: കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിദഗ്ധ ചികിത്സക്കായി യു കെ യിൽ നിന്നും  ഡോക്ടറെ വരുത്തി. ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് ജയലളിതയുടെ പരിശോധനക്കായി എത്തിയത്.

ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാകുന്ന ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ഡോക്ടറാണ് റിച്ചാര്‍ഡ് ജോണ്‍ ബീലെ. ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ റിച്ചാര്‍ഡ് കൂടുതല്‍ ടെസ്റ്റുകള്‍ നിര്‍ദ്ദേശിച്ചു.

വരും ദിവസങ്ങളില്‍ ഇദ്ദേഹമായിരിക്കും ചികിത്സക്ക് നേതൃത്വം നല്‍കുക. ജയലളിത ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും ആശുപത്രി വ്യാഴാഴ്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടില്ല.  ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ഡിഎംകെ പ്രസിഡന്റ് കരുണാനിധി ആവശ്യപ്പെട്ടു.

അതിനിടെ മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കേണ്ടത് അനിവാര്യമാണെന്നും, ജനങ്ങളെ ബോധ്യപ്പെടുത്തുവാനായി മുഖ്യമന്ത്രി ജയലളിതയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ നല്‍കുന്നത് അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുമെന്നും കരുണാനിധി അഭിപ്രായപ്പെട്ടു.

പനിയും നിര്‍ജലീകരണവും കാരണം സെപ്റ്റംബര്‍ 22നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

DONT MISS
Top