മലിനീകരണ നിയന്ത്രണ പരിശോധനയില്‍ പരാജയപ്പെട്ടു; ഓഡി ‘ക്യു 5’ വില്‍പ്പന നിര്‍ത്തി വെച്ചു

audiq5

ഓഡി ക്യു 5 ഡീസല്‍

ദില്ലി: ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി തങ്ങളുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ (എസ്‌യുവി) ‘ക്യു 5’-ന്റെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഓട്ടോമൊബൈല്‍ റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എആര്‍എഐ) മലിനീകരണ നിയന്ത്രണ പരിശോധനയില്‍ പരാജയപ്പെട്ടതാണ് കാരണം.

ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന്റെ പുകയില്‍ നൈട്രജന്‍ ഓക്‌സൈഡ് (NOx) അനുവദിനീയമായ അളവിലും കൂടുതലായതിനാലാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ഫോക്‌സ്‌വാഗണ്‍ കുടുംബത്തില്‍ പെട്ട കമ്പനിയാണ് ഓഡി.

പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് ഓഡി ഇന്ത്യ അറിയിച്ചിച്ചുണ്ട്. ക്യു 5 വിപണിയില്‍ നിന്ന് പിന്‍വലിച്ചത് ഓഡിയ്ക്ക് കനത്ത തിരിച്ചടിയാണ്. ദീപാവലി വിപണിയില്‍ ഓഡി പിന്നോട്ടു പോകുമെന്ന് ഏതാണ്ട് ഉറപ്പാണ്.

മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാനായി ഡീസല്‍ എന്‍ജിനുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതിന് കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് വന്‍ പ്രതിസന്ധിയിലായിരുന്നു.

DONT MISS
Top