ഓഹരി വിപണിയിലേക്ക് നിക്ഷേപിക്കാവുന്ന പ്രൊവിഡന്റ് ഫണ്ട് പരിധി സര്‍ക്കാര്‍ ഉയര്‍ത്തി

EPFO

ദില്ലി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും ഓഹരി വിപണിയിലേക്ക് നിക്ഷേപിക്കുന്ന തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. നിലവിലെ പ്രതിവര്‍ഷ നിക്ഷേപത്തിന്റെ അഞ്ചു ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിസിന്റെ അനുമതിയില്ലാതെ ഏകപക്ഷീയമായി സ്വീകരിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ നേരിയ കുറവും സര്‍ക്കാര്‍ വരുത്തി.

നിലവില്‍ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിലേക്കുളള പ്രതിവര്‍ഷ നിക്ഷേപത്തിന്റെ അഞ്ച് ശതമാനമാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത്. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ് മുഖേനെയാണ് വിപണിയില്‍ ഈ തുക നിക്ഷേപിക്കുന്നത്. 6577 കോടി രൂപയാണ് ഇത്തരത്തില്‍ വിപണിയില്‍ നിക്ഷേപിച്ചത്. ഇതാണ് പത്ത് ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ഓഹരി വിപണിയിലെ പ്രതിവര്‍ഷ നിക്ഷേപം 13000 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. ജീവനക്കാരുടെ മാസശമ്പളത്തില്‍ നിന്നും നിശ്ചിത തുക നീക്കിവെച്ചാണ് റീട്ടയര്‍മെന്റ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഇത് 15 ശതമാനമാക്കി ഉയര്‍ത്തുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതുപ്രകാരമുളള നടപടികള്‍ സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്.

നിക്ഷേപ പരിധി ഉയര്‍ത്തുന്നത് ചെറുപ്പക്കാരായ റിട്ടയെര്‍മെന്റ് ഫണ്ട്‌സ് അംഗങ്ങള്‍ക്ക് ഏറേ ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ദീര്‍ഘകാല അടിസ്ഥാനത്തിലുളള നിക്ഷേപ പരിപാടിയായത് കൊണ്ട് ഓഹരി വിപണിയില്‍ നിന്നും നല്ല നേട്ടം ലഭിക്കാന്‍ ഇത് ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഇതിന് 2015 -16 സാമ്പത്തികവര്‍ഷത്തെ മികച്ച നേട്ടത്തെ തെളിവായും ഉദാഹരിക്കുന്നു. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ് മുഖാന്തിരം ഓഹരി വിപണിയിലുളള നിക്ഷേപം വഴി കഴിഞ്ഞ വര്‍ഷം 13.24 ശതമാനം നേട്ടമാണ് കൈവരിച്ചത്. ഇത് കഴിഞ്ഞവര്‍ഷം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്‌സ് നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പലിശയെക്കാള്‍ ഉയര്‍ന്ന നിരക്കാണ്. 8.8 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പലിശനിരക്ക്.

അതേസമയം ജീവനക്കാരുടെ ആജീവനാന്ത സമ്പാദ്യം വിപണിയുടെ ഊഹകച്ചവടത്തിന് വിട്ടുകൊടുക്കുന്നതിനെ ഇടതു ട്രേഡ് യൂണിയനുകള്‍ ഇപ്പോഴും ശക്തമായി എതിര്‍ക്കുകയാണ്. കൂടാതെ പലിശനിരക്ക് ഉള്‍പ്പെടെയുളള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഉത്തരവാദപ്പെട്ട സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ അനുമതിയില്ലാതെ തൊഴില്‍ മന്ത്രാലയം ഏകപക്ഷീയമായ നിലപാട് എടുത്തതിലും എതിര്‍പ്പ് ഉയരുന്നുണ്ട്.

എന്നാല്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ നേരിയ കുറവും സര്‍ക്കാര്‍ വരുത്തി. പാട്ടിക്ക് പ്രൊവിഡന്റ് ഫണ്ട്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി എന്നി പദ്ധതികളുടെ പലിശ നിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ നേരിയ കുറവ് വരുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലെ പലിശനിരക്കിലാണ് കുറവ് വരുത്തിയത്. ഇതോടെ പാട്ടിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശനിരക്ക് നിലവിലെ 8.1 ശതമാനത്തില്‍ നിന്നും എട്ട് ശതമാനമാകും. കിസാന്‍ വികാസ് പത്രയുടെ പലിശനിരക്ക് 7.8 ശതമാനത്തില്‍ നിന്നും 7.7 ശതമാനമാക്കിയും പെണ്‍കുട്ടികള്‍ക്കുളള സുകന്യ സമ്യദ്ധി 8.6 ശതമാനത്തില്‍ നിന്നും 8.5 ശതമാനമാക്കിയും കുറച്ചതായി സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി.

DONT MISS
Top