പുതുക്കിയ ട്രെയിന്‍ സമയം നാളെ പ്രാബല്യത്തില്‍, ട്രെയിനുകളുടെ സമയത്തില്‍ അഞ്ച് മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെ മാറ്റം

TRAIN
തിരുവനന്തപുരം : ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാളെ മുതല്‍ പ്രാബല്യത്തില്‍. പുതിയ സമക്രമം അനുസരിച്ച് കേരളത്തിലൂടെയുള്ള ട്രെയിനുകളുടെ സമയത്തില്‍ അഞ്ച് മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെ മാറ്റമുണ്ടാകും. ചില ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും, ചില ട്രെയിനുകള്‍ സ്‌റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്.

ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി. ഇനിമുതല്‍ ഉച്ചയ്ക്ക് 2.25 നാകും ഷൊര്‍ണൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുക. തിരുവനന്തപുരത്ത് നിന്നും വേണാട് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ലെങ്കിലും ചില സ്‌റ്റേഷനുകളിലെ സമയത്തില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസിന്റെ ചില സ്‌റ്റേഷനുകളിലെ സമയത്തിലും നേരിയ വ്യത്യാസങ്ങളുണ്ട്. ഹൈദരബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി. എന്നാല്‍ കോട്ടയത്ത് എത്തുന്ന സമയം 20 മിനിറ്റ് താമസിച്ചായിരിക്കും.

കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി ഇനി മുതല്‍ അഞ്ച് മിനിറ്റ് നേരത്തെ കോഴിക്കോട്ട് നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.35 നായിരിക്കും ശനിയാഴ്ച മുതല്‍ ട്രെയിന്‍ പുറപ്പെടുക. ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന സമയം 10 മിനിറ്റ് നേരത്തെയാകും. തൃശൂരില്‍ നിന്ന് പുറപ്പെടുന്ന സമയം 21 മിനുട്ട് നേരത്തെ ആക്കിയിട്ടുണ്ട്. അതായത് ഇനി മുതല്‍ 3.35 ന് ട്രെയിന്‍ തൃശൂര്‍ വിടും. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സമയം അഞ്ച് മിനിറ്റാണ് നേരത്തെയാക്കുന്നത്.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ലെങ്കിലും ചേര്‍ത്തല മുതല്‍ തൃശൂര്‍ വരെയുള്ള സ്‌റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് വീതം വൈകും. എന്നാല്‍ ഷൊര്‍ണൂര്‍ മുതല്‍ കോഴിക്കോട് വരെ ഇത് അഞ്ച് മിനിറ്റ് വീതം നേരത്തെയാക്കിയിട്ടുണ്ട്. നാഗര്‍കോവില്‍മംഗലാപുരം ഏറനാട് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെ പുറപ്പെടും. തിരിച്ചുള്ള ട്രെയിന്‍ 10 മിനിറ്റ് നേരത്തെ ഇനി മംഗലാപുരത്ത് നിന്ന് പുറപ്പെടും.

train

കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ലെങ്കിലും തൃശൂരില്‍ നിന്ന് പുറപ്പെടുന്നത് അരമണിക്കൂറോളം വൈകി രാത്രി 7.40 നായിരിക്കും. എന്നാല്‍ ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന സമയത്തില്‍ മാറ്റമില്ല. കന്യാകുമാരി-മുംബൈ ജയന്തിജനതയുടെ സമയത്തിലും 10 മിനിറ്റ് വരെ ചില സ്‌റ്റേഷനുകളില്‍ വ്യത്യാസമുണ്ട്.

കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി കോഴിക്കോട് നിന്ന് പുറപ്പെടുന്നത് ഇനിമുതല്‍ അഞ്ച് മിനിറ്റ് നേരത്തെയായിരിക്കും. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ് പുറപ്പെടുന്ന സമയത്തില്‍ വ്യത്യാസമില്ലെങ്കിലും, പല സ്‌റ്റേഷനുകളിലും എത്തിച്ചേരുന്ന സമയത്തില്‍ അഞ്ച് മുതല്‍ 10 വരെ മിനിറ്റ് വ്യത്യാസമുണ്ടാകും. കോട്ടയത്ത് നിന്ന് ട്രെയിന്‍ 18 മിനുട്ട് വൈകി ഇനിമുതല്‍ 9.38 നേ പുറപ്പെടൂ. എന്നാല്‍ കോഴിക്കോട്ടെ സമയത്തില്‍ സമയത്തില്‍ മാറ്റമില്ല.

DONT MISS
Top