സൗദി നഷ്ടപരിഹാര ബില്‍; ഒബാമയുടെ വീറ്റോയെ കോണ്‍ഗ്രസ് അസാധുവാക്കി

ബരാക് ഒബാമ (ഫയല്‍ ചിത്രം)

ബരാക് ഒബാമ (ഫയല്‍ ചിത്രം)

വാഷിങ്ങ്ടണ്‍: സൗദി അറേബ്യയ്ക്ക് എതിരായ സെപ്റ്റംബര്‍ പതിനൊന്ന് ബില്ലില്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് അസാധുവാക്കി. ഇതോടെ സൗദി നഷ്ടപരിഹാര ബില്‍ നിയമമായി മാറും. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് പിശക് പറ്റി എന്നായിരുന്നു ബരാക്ക് ഒബാമയുടെ പ്രതികരണം.

സൗദി അറേബ്യയ്ക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ ഇരകള്‍ക്ക് അനുമതി നല്‍കുന്ന ബില്ലാണ് നിയമമാകാന്‍ പോകുന്നത്. സെനറ്റും കോണ്‍ഗ്രസും അംഗീകാരം നല്‍കിയ ബില്‍ കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ബരാക് ഒബാമ വീറ്റോ ചെയ്യുകയായിരുന്നു. എന്നാല്‍ ഒബാമയുടെ വീറ്റോയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോട് കൂടി അമേരിക്കന്‍ കോണ്‍ഗ്രസ് അസാധുവാക്കുകയായിരുന്നു. സെനറ്റും ജനപ്രതിനിധി സഭയുടെ ബില്ലിനെ പിന്തുണച്ചു. അതിനാല്‍ സെപ്റ്റംബര്‍ പതിനൊന്ന് നഷ്ടപരിഹാരബില്‍, നിയമമായി മാറും. ബില്ലിന്‍ മേലുള്ള വീറ്റോയെ മറികടന്ന കോണ്‍ഗ്രസ് ചെയ്തത് തെറ്റാണെന്നായിരുന്നു ബരാക് ഒബായുടെ പ്രതികരണം. ഈ ബില്‍ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. സൗദിക്കെതിരായ ബില്‍ അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബരാക്ക് ഒബാമ വീറ്റോ ചെയ്തത്.

സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തില്‍ പങ്കാളികളായ 19 പേരില്‍ 15 പേരും സൗദി പൗരന്മാരായിരുന്നു. എന്നാല്‍ ഇവരുമായി രാജ്യത്തിന് ബന്ധമില്ലെന്നും ബില്‍ ഉപേക്ഷിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നു. ഒബാമയുടെ വീറ്റോയെ മറികടന്ന കോണ്‍ഗ്രസ് നടപടി സംബന്ധിച്ച് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

DONT MISS
Top