വര്‍ണ്ണവെറിയോട് നിശബ്ദത പാലിക്കില്ല, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ സെറീന വില്യംസ്

serena

ലോസ് ഏഞ്ചല്‍സ്: അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി സെറീന വില്യംസ്. സാമൂഹ്യ അനീതിക്കെതിരെ നിശബ്ദയായി ഇരിക്കില്ലെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ താരം പ്രതികരിച്ചു. ഈ വര്‍ഷം മാത്രം ഇരുന്നുറിലധികം കറുത്ത വര്‍ഗ്ഗക്കാരാണ് അമേരിക്കയില്‍ പൊലീസിന്റെ തോക്കിന് ഇരയായത്. തനിക്ക് ചുറ്റും നടക്കുന്ന ദയനീയ സംഭവങ്ങളാണ് താരത്തെ വികാരപരമായ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്.

പതിനെട്ട്കാരനായ തന്റെ സഹോദരിയുടെ മകനോടൊപ്പം നടത്തിയ കാര്‍ യാത്രയെക്കുറിച്ചായിരുന്നു സെറീനയുടെ പോസ്റ്റ്. ഇന്ന് ഞാനെന്റെ സഹോദരിയുടെ മകനോട് എന്നോടൊപ്പം ഒരിടം വരെ വരുമോ എന്ന് ചോദിച്ചു… എന്ന് തുടങ്ങുന്ന സെറീന തുടക്കത്തില്‍ തന്നെ അവനൊരു കറുത്തവനാണെന്ന് പറഞ്ഞ് വെക്കുന്നു. റോഡരികില്‍ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ തങ്ങളുടെ കാറിന്റെ വേഗത അമിതമാകുന്നുണ്ടോ എന്ന് പരിശോധിച്ചു. കാറില്‍ നിന്നും കാമുകനെ പോലീസ് വലിച്ച് പുറത്തിറക്കി വെടിവെച്ച് കൊന്ന യുവതിയുടെ വീഡിയോ തന്നെ ഞെട്ടിച്ചിരുന്നു. അതിനാലാണ് സഹോദരിയുടെ മകന്‍ അമിതവേഗത്തിലാണോ കാറോടിക്കുന്നത് താന്‍ നോക്കിയത്. അവനെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ മനസാക്ഷി തനിക്കൊരിക്കലും മാപ്പ് നല്‍കില്ല. കാരണം അവനൊരു നിഷ്‌കളങ്കനാണ്. അതുപോലെ തന്നെയായിരുന്നു അവരെല്ലാം…സെറീന പറയുന്നു.

ജനങ്ങളുടെ മനസ്സിന്റെ അടിത്തട്ടില്‍ ഉറങ്ങിക്കിടന്ന വര്‍ണ്ണവെറി അതിന്റെ സര്‍വ്വ വീര്യവും പുറത്തെടുത്തുകൊണ്ട് രാജ്യത്തെയാകെ പിടിച്ച് ഉലയ്ക്കുകയാണ്. ഓക്ക്‌ലഹോമയിലും നോര്‍ത്ത് കരോലീനയിലും കഴിഞ്ഞ ദിവസങ്ങളില്‍ കറുത്ത വര്‍ഗ്ഗക്കാരെ വെടിവെച്ച് കൊന്നത് വെറും സംശത്തിന്റെ മാത്രം പേരിലായിരുന്നു. പോലീസിന്റെ ക്രൂരതയും വര്‍ണ്ണ വിവേചനവും ദേശീയ തലത്തില്‍ തന്നെ അമേരിക്കയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഗൗരവകരമായ പ്രശ്‌നത്തില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയാത്തതിനാലാണ് തന്റെ വികാരം പങ്കു വെച്ചതെന്ന് സെറീന പറയുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ ഉദ്ധരിച്ചുകൊണ്ടാണ് താരം തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. നിശബ്ദത വഞ്ചനയാണ്. അതുകൊണ്ട് താന്‍ നിശബ്ദയാകില്ല.

സെറീനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

DONT MISS
Top