അശ്രദ്ധമായി അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികന്‍ പാക് പിടിയിലെന്ന് ഇന്ത്യ; പിടികൂടിയത് സൈനിക നീക്കത്തിനിടെയെന്ന് പാക് മാധ്യമങ്ങള്‍

army-3

പ്രതീകാത്മക ചിത്രം

ദില്ലി: നിയന്ത്രണ രേഖയില്‍ വെച്ച് ഇന്ത്യന്‍ സൈനികനെ പാക് സൈന്യം പിടികൂടിയെന്ന വാര്‍ത്തയുമായി പാക് മാധ്യമമായ ഡോണ്‍ രംഗത്ത്. എന്നാല്‍ വാര്‍ത്ത രാജ്യാന്തര ശ്രദ്ധ നേടി നിമിഷങ്ങള്‍ക്കകം ഡോണ്‍ പിന്‍വലിച്ചു. പിന്നാലെ ഇന്ത്യന്‍ സൈനികന്‍ അതിര്‍ത്തി കടന്നെന്ന സംഭവം സ്ഥിരീകരിച്ച് ഇന്ത്യന്‍ സേന രംഗത്തെത്തി. ഇന്ത്യന്‍ സൈനിക നീക്കത്തിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ എട്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടറ്റാപനി നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന പാക് പ്രത്യാക്രമണത്തില്‍ ഒരിന്ത്യന്‍ സൈനികനെ പിടികൂടിയെന്ന് പാകിസ്താന്റെ സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്ത വന്നതിന് മിനിറ്റുകള്‍ക്ക് ശേഷം വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ഇന്ത്യന്‍ സൈനികനെ പിടികൂടിയെന്ന വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. 37 മത് രാഷ്ട്രീയ റൈഫിള്‍സില്‍ നിന്നുമുള്ള സൈനികനാണ് നിയന്ത്രണ രേഖ മറികടന്നെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി എഎന്‍ഐ വ്യക്തമാക്കി. എന്നാല്‍ എട്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി എന്ന പാക് മാധ്യമങ്ങളിലെ വാര്‍ത്ത ഇന്ത്യന്‍ സൈന്യം തള്ളിയെന്നും എഎന്‍ഐ വ്യക്തമാക്കി. മേഖലയില്‍ സൈനികര്‍ അതിര്‍ത്തി കടക്കുന്നത് സാധാരണയാണെന്നും, സൈനിക നടപടികള്‍ പ്രകാരം അതിര്‍ത്തി കടക്കുന്ന സൈനികരെ ഇരു രാജ്യങ്ങളും കൈമാറ്റം നടത്താറുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ടറ്റാ പനി നിയന്ത്രണ രേഖയില്‍ നിന്നും ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കത്തെ തുടര്‍ന്നാണ് പാകിസ്താന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതെന്നും ഇന്ത്യന്‍ വെടിവെയ്പില്‍ രണ്ട് പാക് സൈനികര്‍ കൊലപ്പെട്ടെന്നും ഡോണിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്തയാണ് പിന്നീട് പിന്വലിച്ചത്. പുതുക്കിയ വാര്‍ത്ത പ്രകാരം, നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായി ജിയോ ന്യൂസ് അവതാരകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഹമീദ് മിറും, സൈനിക വൃത്തങ്ങളും സ്ഥിരീകരിച്ചെന്നായി.

ചന്ദു ബാബുലാല്‍ ചൊഹാന്‍ (22) എന്ന ഇന്ത്യന്‍ സൈനികനെയാണ് പാക് സൈന്യം പിടികൂടിയതെന്നും മഹാരാഷ്ട്ര സ്വദേശിയാണ് ചന്ദു ബാബുലാല്‍ ചൊഹാന്‍ എന്നും സൈനികനെ കുറിച്ചുള്ള വിവരങ്ങളില്‍ പാകിസ്താന്‍ വെളിപ്പെടുത്തിയാതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചന്ദു ബാബുലാല്‍ ചൊഹാനെ അജ്ഞാത കേന്ദ്രത്തിലേക്ക് പാക് സൈന്യം മാറ്റിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കൂടാതെ, നിയന്ത്രണ രേഖയില്‍ നടന്ന സൈനിക ആക്രമണങ്ങളില്‍ കൊലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജഡങ്ങള്‍ വീണ്ടെടുക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറായിട്ടില്ലെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയിലെ പല വിവരങ്ങളും പിന്നീട് ഡോണ്‍ വിഴുങ്ങുകയായിരുന്നു

DONT MISS
Top