കുവൈത്തില്‍ പെട്രോള്‍ വില വര്‍ദ്ധനവ് കോടതി റദ്ദാക്കി

kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ പെട്രോള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച മന്ത്രിസഭാ തീരുമാനം കുവൈത്ത് കോടതി റദ്ദാക്കി. കാരണം വ്യക്തമാക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ ഉത്തരവ്. അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധിക്ക് എതിരെ സര്‍ക്കാര്‍ അപ്പില്‍ പോകുമെന്നാണ് സൂചന

സെപ്റ്റംബര്‍ ഒന്ന് മുതലാണ് കുവൈത്തില്‍ പുതുക്കിയ പെട്രോള്‍ വില നിലവില്‍ വന്നത്. പെട്രോള്‍ വിലയില്‍ 40 മുതല്‍ 80 ശതമാനം വരെയാണ് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ദ്ധനവ് കൊണ്ട് വന്നത്. ലീറ്ററിന് 60 ഫില്‍സ് വിലയുണ്ടായിരുന്ന പ്രീമിയം പെട്രോളിന് 85 ഫില്‍സും 65 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് 105 ഫില്‍സായുമാണ് വില വര്‍ദ്ധിപ്പിച്ചിരുന്നത്. പെട്രോള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച മന്ത്രിസഭാ തീരുമാനത്തിന് എതിരെ അഭിഭാഷകനായ നവാഫ് അല്‍ ഫുസൈയ് ആണ് കോടതിയെ സമീപിച്ചത്. നവാഫ് അല്‍ ഫുസൈയുടെ ഹര്‍ജി പരിഗണിച്ച കോടതി വില വര്‍ദ്ധന റദ്ദാക്കുകയായിരുന്നു. വില വര്‍ദ്ധന സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയല്ല പാര്‍ലമെന്റ് ആണെന്നായിരുന്നു നവാഫ് അല്‍ ഫുസൈയ്‌ന്റെ വാദം. തന്റെ വാദം അംഗീകരിച്ചാണ് വില വര്‍ദ്ധന കോടതി റദ്ദാക്കിയത് എന്ന് നവാഫ് പറഞ്ഞു. ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധനവിനും ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിരുന്നു. പെട്രോള്‍ വില വര്‍ദ്ധനവ് റദ്ദാക്കിയ സാഹചര്യത്തില്‍ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നാണ് സൂചന. എണ്ണ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ധനകമ്മി കുറയ്ക്കുന്നതിനായിട്ടാണ് കുവൈത്ത് മന്ത്രിസഭ പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് തീരുമാനം എടുത്തത്.

DONT MISS
Top