ലോകബാങ്ക് പ്രസിഡന്റായി ജിം യോംഗ് കിമ്മിനെ വീണ്ടും തെരഞ്ഞെടുത്തു

ജിം യോംഗ് കിം ( ഫയല്‍ ചിത്രം )

ജിം യോംഗ് കിം ( ഫയല്‍ ചിത്രം )

വാഷിംഗ്ടണ്‍ : ലോകബാങ്ക് പ്രസിഡന്റായി ജിം യോംഗ് കിമ്മിനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കിമ്മിന്റെ പേര് മാത്രമേ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നുള്ളൂ. ഏകകണ്ഠമായാണ് കിമ്മിനെ തെരഞ്ഞെടുത്തതെന്ന് ലോകബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുഎസ് വംശജനായ കിം ആഗോള പണമിടപാട് മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

2012 ജൂലെ ഒന്നിനാണ് ലോകബാങ്കിന്റെ 12 ആമത്തെ പ്രസിഡന്റായി കിം ചുമതലയേറ്റത്. നാലുവര്‍ഷക്കാലയളവിനിടെ ബാങ്കിന്റെ പ്രവര്‍ത്തനത്തിലെ സുതാര്യത നഷ്ടപ്പെടുത്തിയെന്നും അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായി മാറിയെന്നും കിമ്മിനെതിരെ ആരോപണമുയര്‍ന്നിരുന്നു. 2017 ജൂലൈ ഒന്നുമുതലാണ് കിമ്മിന്റെ രണ്ടാമൂഴത്തിന് തുടക്കമാകുക.

ലോകബാങ്ക് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് കിം പ്രതികരിച്ചു. 2030 ഓടെ ലോകത്തെ ദാരിദ്ര്യം തുടച്ചുനീക്കുകയാണ് ബാങ്കിന്റെ പ്രധാനലക്ഷ്യം. ആഗോളരംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ അംഗരാജ്യങ്ങളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ജിം യോംഗ് കിം പറഞ്ഞു. ലോകബാങ്ക് പ്രസിഡന്റാകുന്നതിന് മുമ്പ് കിം യുഎസ് വിദ്യാഭ്യാസസ്ഥാപനമായ ഡാര്‍മത്ത് കോളേജില്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

DONT MISS
Top