കണ്ണടകള്‍ വില്‍ക്കാനൊരുങ്ങി സ്‌നാപ്പ്ചാറ്റ്; വെറും കണ്ണടയല്ല, പിന്നെയോ…? (വീഡിയോ)

snapchat-glass

കണ്ണടയ്ക്ക് ഏകദേശം 8,500 ഇന്ത്യന്‍ രൂപ ആണ് വില

ചിത്രങ്ങള്‍ക്കും മള്‍ട്ടി മീഡിയയ്ക്കും പ്രാധാന്യം നല്‍കിയുള്ള ചാറ്റിംഗ് ആപ്ലിക്കേഷനായ സ്‌നാപ്പ്ചാറ്റ് കണ്ണടകളും സണ്‍ ഗ്ലാസുകളും നിര്‍മ്മിക്കാനൊരുങ്ങുന്നു. വെറും കണ്ണടകള്‍ അല്ല; കുഞ്ഞു ക്യാമറകള്‍ ഘടിപ്പിച്ച കണ്ണടകളാണ് സ്‌നാപ്പ്ചാറ്റ് വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ ക്യാമറ ഉപയോഗിച്ച് പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ചിത്രീകരിക്കാം.

സ്‌നാപ്പ്ചാറ്റിന്റെ ആദ്യ ഇലക്ട്രോണിക്ക് സംരംഭമായ ഈ സ്മാര്‍ട്ട് കണ്ണടയ്ക്ക് 130 ഡോളര്‍ (ഏകദേശം 8,500 ഇന്ത്യന്‍ രൂപ) ആണ് വിലയെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 115 ഡിഗ്രി വരെ തിരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലെന്‍സാണ് ക്യാമറയ്ക്കുള്ളത്. സ്മാര്‍ട്ട് ഫോണിനേക്കാള്‍ വിശാലമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് സഹായിക്കും.

‘നിങ്ങള്‍ അനുഭവിച്ച ഓര്‍മ്മകളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞാലോ? അതുകൊണ്ടാണ് ഞങ്ങള്‍ കണ്ണടകള്‍ നിര്‍മ്മിക്കുന്നത്.’ സ്‌നാപ്പ്ചാറ്റ് അവരുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

കണ്ണട മടക്കുന്നിടത്തുള്ള ബട്ടണ്‍ അമര്‍ത്തിയാണ് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുക. ഇങ്ങനെ റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ വൈഫൈ മുഖേനെ ആന്‍ഡ്രോയിഡ് ഫോണിലുള്ള സ്‌നാപ്പ്ചാറ്റ് ആപ്ലിക്കേഷനിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും. ആപ്പിള്‍ ഉപകരണങ്ങളില്‍ ഇതിനായി ബ്ലൂടൂത്ത് സംവിധാനമാണ് ഉപയോഗിക്കുക.

പുതിയ സ്മാര്‍ട്ട് കണ്ണടയെ ലോകമെമ്പാടുമുള്ള 15 കോടിയോളം വരുന്ന സ്‌നാപ്പ്ചാറ്റ് ഉപഭോക്താക്കള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വീഡിയോ കാണം:

DONT MISS
Top