സിദ്ധിഖും ലാലും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണത്തിനൊരുങ്ങി ‘ഫുക്രി’

sid-lal

സിദ്ധിഖും ലാലും

മലയാളത്തിലെ ഏറ്റവും മികച്ച ഇരട്ട സംവിധായകരും തിരക്കഥാകൃത്തുക്കളും ആയിരുന്നു സിദ്ധിഖും ലാലും. പരാജയമെന്തെന്നറിഞ്ഞിട്ടില്ലാത്ത ഈ ജോഡി 1993-ലാണ് വേര്‍പിരിഞ്ഞത്. ഈ വര്‍ഷമിറങ്ങിയ ദിലീപ് ചിത്രം ‘കിംഗ് ലയറി’ലൂടെ ഇവര്‍ വീണ്ടും ഒന്നിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്, പുതിയ ചിത്രമായ ‘ഫുക്രി’യിലൂടെ.

ജയസൂര്യയെ നായകനാക്കി സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നത് ലാലാണ്. പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായിരിക്കും ലാലിന്റേത് എന്ന് സൂചനയുണ്ട്.

സംവിധായകന്‍ സിദ്ധിഖിന്റ നിര്‍മ്മാണ കമ്പിനിയായ എസ് ടാക്കീസിന്റെ ആദ്യ സംരംഭമായ ഫുക്രിയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. മൂന്ന് നായികമാരുള്ള ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനും അനു സിത്താരയുമാണ് രണ്ട് നായികമാര്‍. മൂന്നാമത്തെ നായികയ്ക്കായുള്ള തിരച്ചിലിലാണ് സംവിധായകന്‍.

ആത്മസംതൃപ്തിക്ക് വേണ്ടി മോഷണം നടത്തുകയും പിന്നീട് കട്ട മുതലുകള്‍ തിരികെ ഉടമസ്ഥന് തിരികെ നല്‍കുകയും ചെയ്യുന്ന വിചിത്ര സ്വഭാവമുള്ള ഒരാളുടെ കഥയാണ് ഫുക്രി പറയുന്നതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം.

DONT MISS
Top