പ്രേമം ഫെയിം അല്‍ത്താഫ് സംവിധായകനാകുന്നു; നായകന്‍ നിവിന്‍ പോളി

premam

റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിയേറ്ററുകളില്‍ മുന്നേറിയ ചിത്രമാണ് നിവിന്‍ പോളി നായകനായ പ്രേമം.  പ്രേമത്തിലെ സ്‌കൂള്‍ പയ്യനായി അഭിനയിച്ച അല്‍ത്താഫും നിവിന്‍ പോളിയും വീണ്ടും ഒരുമിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.  കഥാപാത്രങ്ങളായല്ല സംവിധായകനും നടനുമായാണ് ഇരുവരും ഒരുമിക്കുന്നത്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പേര് സൂചിപ്പിക്കുന്ന പോലെ മുഴുനീള ഹാസ്യ ചിത്രമായിരിക്കും.  ചിത്രീകരണം ആരംഭിച്ച ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ക്രിസ്തുമസിന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

സൂപ്പര്‍ ഹിറ്റായ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിവിന്‍ ചിത്രം നിര്‍മ്മിക്കുന്നത്. രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ അരങ്ങേറ്റം കുറിച്ച അഹാന കൃഷ്ണയാണ് നിവിന്റെ നായിക.  ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രേമം ടീം വീണ്ടും അണിനിരക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണ് നിവിന്റെ അടുത്ത റിലീസ്.

DONT MISS
Top