ജനിതകമാറ്റം വരുത്തിയ കടുകിന് അംഗീകാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളം

mustard-2

Representational Image

തൃശൂര്‍: ജനിതകമാറ്റം വരുത്തിയ കടുകിന് അംഗീകാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളം നിലപാട് കടുപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് ഇത് സംബന്ധിച്ച അന്തിമ തീരുമാനം വരാനിരിക്കെ ദേശവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങുകയാണ് കര്‍ഷകസംഘടനകള്‍. വിത്തിന്റെ കുത്തകവല്‍ക്കണത്തിനെതിരായ സമരത്തിനൊപ്പം നില്‍ക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ജനിതകമാറ്റം വരുത്തിയ ബിടി വഴുതനങ്ങക്കെതിരെ നടന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ ഇത്തരം വിളകള്‍ക്കെതിരെ പ്രഖ്യാപിച്ച മൊറൊട്ടോറിയം തുടരുന്നതിനിടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ ജിഎം കടുകിന് അംഗീകാരം നല്‍കാനുള്ള നീക്കം നടത്തുന്നത്. ദില്ലി സര്‍വ്വകലാശാലക്ക് കീഴിലെ ജനറ്റിക് മാനിപ്പുലേഷന്‍ സെന്ററാണ് ജിഎം കടുക് വികസിപ്പിച്ചത്. ജനിതക സാങ്കേതിക വിദ്യയിലൂടെ വിത്തുകള്‍ വികസിപ്പിച്ചെടുക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരമല്ലെന്നും ജൈവ സുരക്ഷക്ക് ഭീഷണിയാണെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതികള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പരമ്പരാഗതമായുള്ള വിളകളില്‍ ജനിതക മാറ്റ പരീക്ഷണങ്ങള്‍ നടത്തരുതെന്ന സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശവും നിലനില്‍ക്കുന്നുണ്ട്. കര്‍ഷകര്‍ക്കും ഉപഭോക്താവിനും വിത്തും ഭക്ഷണവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന കുത്തകവല്‍ക്കരണമാണ് ജിഎം പരീക്ഷണത്തിലൂടെ നടക്കുന്നതെന്നാണ് ആരോപണം. സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കേന്ദ്രത്തിന്റെ കൈകടത്തല്‍ കൂടിയാണ് ഈ നീക്കമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

mustard

കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് ഈ മാസം 29-ന് കേരളത്തിലെത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം നേരിട്ടറിയിക്കുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. ജിഎം വിത്തുകള്‍ക്കെതിരെ ഗാന്ധി ജയന്തി ദിനത്തില്‍ ദേശവ്യാപകമായി നടക്കുന്ന കടുക് സത്യാഗ്രഹത്തില്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകസംഘടനകളും പങ്കുചേരും.

DONT MISS
Top