തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കേണ്ടതില്ല; കര്‍ണ്ണാടക പ്രമേയം പാസാക്കി

karnataka

ബംഗളൂരു: കാവേരി നദീജല തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കി തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കേണ്ടതില്ലെന്ന് കര്‍ണ്ണാടക പ്രമേയം പാസാക്കി. വെള്ളിയാഴ്ച ചേര്‍ന്ന കര്‍ണ്ണാടക നിയമസഭയുടെ പ്രത്യേക യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കാവേരി പരിസരത്തുള്ള ഗ്രാമവാസികള്‍ക്കും ബംഗളൂരുവിലെ ജനങ്ങള്‍ക്കും വിട്ടുനല്‍കാനുള്ള വെള്ളം മാത്രമാണ് നദിയിലുള്ളതെന്നാണ് പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

നാല്‍പത്തി അഞ്ചോളം മിനിട്ട് നീണ്ട പ്രത്യേക യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് എസ് രവിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന്മേല്‍ ചര്‍ച്ചയും നടന്നു. കര്‍ണ്ണാടകയിലെ വളര്‍ച്ചാ സാഹചര്യങ്ങളെ കൃത്യമായി മനസിലാക്കാതെയുള്ള സുപ്രീംകോടതിയുടെ വിധി നടപ്പാക്കാനാകില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രമേയം പാസാക്കിയത്.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് കാവേരി നദിയില്‍ നിന്നുള്ള ജലം വിട്ടുനല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യ നടപടി നേരിടണമെന്ന നിലപാടാണ് യോഗത്തില്‍ മന്ത്രിമാര്‍ സ്വീകരിച്ചത്.

ഈ മാസം 21 മുതല്‍ പത്തു ദിവസത്തേക്ക് തമിഴ്‌നാടിന് 3000 ഘന അടി വെള്ളം വിട്ടുകൊടുക്കാന്‍ കാവേരി നദീജല മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് 6000 അടി ജലം വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചത്.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് 10 ദിവസം 15,000 ഘന അടി കാവേരി നദീജലം വിട്ടുകൊടുക്കാന്‍ കര്‍ണാടക സര്‍ക്കാറിനോട് ആദ്യം ഉത്തരവിട്ട സുപ്രീംകോടതി പിന്നീട് അത് 12000 ഘന അടി ആക്കി കുറച്ച് ഉത്തരവ് ഭേദഗതി ചെയ്തിരുന്നു. ജലക്ഷാമം തമിഴ്‌നാട്ടിലെ വിളവെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, യുയു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി. എന്നാല്‍ തങ്ങളുടെ സംസ്ഥാനത്ത് വരള്‍ച്ചയുണ്ടാക്കി തമിഴ്‌നാട്ടിലെ വരള്‍ച്ച ഇല്ലാതാക്കേണ്ട കാര്യമില്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.

DONT MISS
Top