ഒളിമ്പിക്‌സ് ജേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് ആരോപണവിധേയന്റെ സാന്നിധ്യം മൂലം. ആരാണാ വിവാദ വ്യവസായി?

trivandrum-program

തിരുവനനന്തപുരം: ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ പി വി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നത് തന്നെയാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. ഒരു വിവാദവ്യവസായിയുടചെ സാന്നിധ്യത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഈ വിട്ടുനില്‍ക്കലെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ആരാണാ വിവാദവ്യവസായി? ചടങ്ങിന്റെ സ്‌പോണ്‍സര്‍മാരായ ഓട്ടോബാന്‍ കാര്‍ റെന്റല്‍ എംഡി മുക്കാട്ട് സെബാസ്റ്റ്യനാണ് മുഖ്യമന്ത്രി ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കാരണക്കാരനായത്. ഭൂമി തട്ടിപ്പുകേസില്‍ ആരോപണവിധേയനാണെന്ന രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്നും വിട്ടുനിന്നത്.

ചങ്ങനാശേരിയില്‍ ഒരു ഭൂമിതട്ടിപ്പ് കേസില്‍ സെബാസ്റ്റ്യന്‍ കുറ്റക്കാരനാണെന്ന് 2014 ജൂലൈ 11ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ കേസില്‍ അന്വേഷണമൊന്നും നടന്നില്ലെങ്കിലും, ഇങ്ങനെയൊരു ആരോപണം ഉണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗം മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട്. ആരോപണവിധേയനായ ആളുമായിപ്പോലും വേദി പങ്കിടേണ്ടതില്ലെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. അതേസമയം ഇന്ന് ഉച്ചവരെയുള്ള മറ്റ് ചില പരിപാടികളും ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചിരുന്നതായി ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു.

മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോളും സമാനമായ രീതിയില്‍ ഒരു പരിപാടി സെബാസ്റ്റ്യന്‍ ഒരുക്കിയിരുന്നു. അന്നും സമാനമായ രീതിയില്‍ രഹസ്യാന്വഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിപാടി ഒഴിവാക്കുകയായിരുന്നു.

മുഖ്യമന്ത്രിയും കായികമന്ത്രി ഇപി ജയരാജനും പങ്കെടുത്തില്ലെങ്കിലും, കെടിഡിസി അധ്യക്ഷനും സിപിഐഎം സംസ്ഥാനസമിതി അംഗവുമായ എം വിജയ.കുമാറും , സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ ടിപി ദാസനും ഇന്നത്തെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിന്ധുവിന് 50 ലക്ഷവും,സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത് ലക്ഷവും അഞ്ച് ലക്ഷവുമാണ് പരിപാടിയില്‍ സമ്മാനിച്ചത്. ഈ സമ്മാനങ്ങളും മുക്കാട്ട് സെബാസ്റ്റ്യനാണ് സ്‌പോണ്‍സര്‍ ചെയ്തത്.

DONT MISS
Top