സൗദിയിലെ സ്വദേശിവത്ക്കരണം: മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്ത മൂന്ന് മലയാളികളെ പിടികൂടി

saudi

Representation Image

സൗദി: സൗദി അറേബ്യയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കിയ മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്ത മലയാളികളെ ദമാമില്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലയിലുളള മൂന്ന് യുവാക്കളാണ് കസ്റ്റഡിയിലുളളത്. ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഈ മാസം പതിനൊന്നിന് ബലി പെരുന്നാളിന് വൈകുന്നേരം ആറിന് ദമാമിലെ മൊബൈല്‍ ഷോപ്പുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് മലയാളികള്‍ കുടുങ്ങിയത്. ഇവരില്‍ ഒരാളുടെ തൊഴിലുടമ ഇടപെട്ടിട്ടും മോചിപ്പിക്കാനോ ജാമ്യം നേടാനോ കഴിഞ്ഞില്ലെന്നാണ് വിവരം. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ മൊത്ത വിതരണക്കാര്‍ക്കും ആക്‌സസറീസ് ഡീലര്‍മാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യതയാണ് ഇവര്‍ക്കുളളത്. സ്‌റ്റോക്കുകള്‍ ഒഴിവാക്കുന്നതിനും പെരുന്നാള്‍ ദിവസത്തെ കച്ചവടം പ്രതീക്ഷിച്ചുമാണ് ഇവര്‍ സ്ഥാപനം തുറന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം പൊലീസും തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മലയാളികളടക്കമുളള വിദേശികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിദേശികള്‍ ജോലി ചെയ്യുന്ന മൊബൈല്‍ ഷോപ്പ് ഉടമകള്‍ ഓരോ വിദേശ തൊഴിലാളിക്കും 20,000 റിയാല്‍ പിഴയടക്കണം. മലയാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെ പോലും നിയമിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്ഥാപനം ബിനാമിയായി നടത്തിയിരുന്നതാണോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. ഇതാണ് പിടിയിലായവരെ വിട്ടയക്കാത്തതിന് കാരണമെന്നാണ് അറിയുന്നത്.

DONT MISS
Top