ബിസിസിഐ വാര്‍ഷിക പൊതുയോഗം ഇന്ന്; സെക്രട്ടറിയായി അജയ് ഷിര്‍ക്കെ തുടര്‍ന്നേക്കും

ബിസിസിഐ യോഗം  ( ഫയല്‍ ചിത്രം )

ബിസിസിഐ യോഗം ( ഫയല്‍ ചിത്രം )

മുംബൈ : ബിസിസിഐ വാര്‍ഷിക പൊതുയോഗം ഇന്ന് ചേരും. പുതിയ സെക്രട്ടറിയെ യോഗം തെരഞ്ഞെടുക്കും. നിലവിലെ സെക്രട്ടറി അജയ് ഷിര്‍ക്കെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ലോധ കമ്മിറ്റി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ യോഗം വളരെ നിര്‍ണായകമാണ്.

പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കല്‍, വര്‍ക്കിംഗ് കമ്മിറ്റിയിലെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കല്‍, ഐസിസിയുടെ പ്രതിനിധി, അടുത്ത കലണ്ടര്‍ വര്‍ഷത്തേക്കുള്ള ബഡ്ജറ്റ്, പുതിയ ഓംബുഡ്‌സ്മാന്‍, അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഓഡിറ്റര്‍മാരെ നിയമിക്കല്‍ തുടങ്ങിയവയാണ് വാര്‍ഷിക പൊതുയോഗത്തിന്റെ അജണ്ട. ബിസിസിഐയുടെ സാധാരണ നടപടിക്രമത്തിന്റെ ഭാഗമായുള്ള യോഗമാണെന്ന് സെക്രട്ടറി അജയ് ഷിര്‍ക്കെ ലോധ കമ്മിറ്റിയെ അറിയിച്ചിരുന്നു.

ലോധ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബിസിസിഐ ഭാരവാഹിത്വം അടക്കം പരിഷ്‌കരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സമിതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളേ അനുവദിക്കാനാകൂ എന്നനിലപാടിലാണ് ലോധ കമ്മിറ്റി. സമിതി നിര്‍ദേശം ധിക്കരിച്ച് ബിസിസിഐ മുന്നോട്ടുപോയാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ലോധ സമിതി അറിയിച്ചിട്ടുണ്ട്.

ഐസിസി പ്രതിനിധിയായി മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസനെ നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഐസിസി പ്രസിഡന്റ് ശശാങ്ക് മനോഹറും ബിസിസിഐയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പൊതുയോഗത്തിന്റെ നിലപാട് നിര്‍ണായകമാണ്.

DONT MISS
Top