അശരണരോട് മനുഷ്യത്വപരമായി പെരുമാറിയ ചരിത്രമാണ് സൗദിക്കുളളതെന്ന് കിരീടാവകാശി

mohammed-bin-nayef

സൗദി: ലോകമെങ്ങുമുളള പാവങ്ങളോട് മനുഷ്യത്വപരമായി പെരുമാറിയ ചരിത്രമാണ് സൗദി അറേബ്യക്കുളളതെന്ന് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി നടന്ന പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു കിരീടാവകാശി.

സൗദി അറേബ്യക്ക് ശിലയിട്ട മുന്‍ ഭരണാധികാരി അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ മനുഷ്യത്വപരമായ നിലപാടാണ് രാജ്യം സ്വീകരിച്ചു വരുന്നത്. മനുഷ്യ സ്‌നേഹത്തിലധിഷ്ടിതമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകാടിസ്ഥാനത്തില്‍ സൗദി അറേബ്യ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടും. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 139 ലക്ഷം കോടി യുഎസ് ഡോളര്‍ വിവിധ ലോക രാഷ്ട്രങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചിട്ടുണ്ട്. കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എന്ന സ്ഥാപനത്തിന്റെ രൂപീകരണവും പ്രവര്‍ത്തനങ്ങളും ആഗോള തലത്തില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയെന്നും മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു.

യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് അഭയം നല്‍കി. ഇവരെ അഭയാര്‍ഥികളായല്ല രാജ്യം കാണുന്നത്. സൗദിയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ ഇല്ല. ഇവര്‍ക്ക് താമസാനുമതി രേഖയായ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും അനുവദിച്ചു. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സൗജന്യ പഠനത്തിനും ആശുപത്രികളില്‍ ചികിത്സക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. പരസ്പര സഹകരണത്തിനും നീതിക്കും രാഷ്ട്രീയമായും സാമ്പത്തികമായും രാജ്യം ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നും മുഹമ്മദ് ബിന്‍ നായിഫ് വ്യക്തമാക്കി.

DONT MISS
Top