ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് മികച്ച ടീം ആയിരുന്നില്ലെന്ന് പേസ്‌

ലിയാണ്ടര്‍ പേസ്

ലിയാണ്ടര്‍ പേസ്

ദില്ലി: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടെന്നീസ് ടീം നേരിട്ട ദുരന്തത്തിന്റെ പഴിചാരലുകള്‍ അടങ്ങുന്നില്ല. മിക്‌സഡ് ഡബിള്‍സ് ടീം തെരഞ്ഞെടുപ്പിനെതിരെ വിമര്‍ശനവുമായി വെറ്ററന്‍ താരം ലിയാണ്ടര്‍ പേസ് രംഗത്തെത്തി. മിക്‌സഡ് ഡബിള്‍സിനായി ഇന്ത്യ അയച്ചത് മികച്ച ടീമിനെ ആയിരുന്നില്ലെന്ന് പേസ് ആരോപിച്ചു.

ഒളിമ്പിക്‌സില്‍ മിക്‌സഡ് ഡബ്ബിള്‍സില്‍ മത്സരിക്കാന്‍ കഴിയാത്തതിനുള്ള പേസിന്റെ വിഷമം ഇതുവരെ തീര്‍ന്നിട്ടില്ല എന്നാണ് പുതിയ പ്രസ്താവന സൂചിപ്പിക്കുന്നത്. സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യമായിരുന്നു ഇന്ത്യയെ ഒളിമ്പിക്‌സില്‍ പ്രതിനിധികരിച്ചത്. മോശം പ്രകടനം കാഴ്ച വെച്ച ജോഡി സെമിഫൈനലില്‍ പുറത്താകുകയായിരുന്നു.

ഡേവിസ് കപ്പ് മത്സരത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പേസ്. അത്യന്തം വാശിയേറിയ മത്സരത്തില്‍ സ്‌പെയിന്റെ റാഫേല്‍ നദാല്‍-മാര്‍ക്ക് ലോപ്പസ് സഖ്യത്തോട് ഇന്ത്യന്‍ സഖ്യം തോല്‍ക്കുകയായിരുന്നു. കളിയിലുടനീളം മികച്ച പിന്തുണ നല്‍കിയ സാകേതിനെ പ്രശംസിച്ച പേസ് സാകേതിനൊപ്പം ഭാവിയിലും കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞു. ആറ് മാസം കൊണ്ട് സാകേതിനെ തനിക്ക് ഗ്രാന്റ് സ്ലാം നേടാന്‍ കഴിയുന്ന തരത്തിലുള്ള താരമാക്കി മാറ്റാന്‍ കഴിയും. ഇനിയൊരു ഒളിമ്പിക്‌സിന് താനുണ്ടായെന്ന് വരില്ല. പതിനെട്ട് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനും മുന്നോടിയായി യുവതാരങ്ങളെ ഒരുക്കേണ്ടത് അധികൃതരുടേയും മുതിര്‍ന്ന താരങ്ങളുടേയും ഉത്തരവാദിത്വമാണെന്നും പേസ് അഭിപ്രായപ്പെട്ടു.

റിയോ ഒളിമ്പിക്‌സിനും ലണ്ടന്‍ ഒളിമ്പിക്‌സിനും ഇന്ത്യ അയച്ച സംഘം മോശമായിരുന്നു എന്ന് പറഞ്ഞ പേസ് പതിനാല് മാസത്തിനിടയില്‍ നാല് ഗ്രാന്റ് സ്ലാം നേടിയ ഒരാള്‍ ഇതില്‍ കൂടുതല്‍ എങ്ങനെയാണ് തന്റെ കഴിവ് തെളിയിക്കേണ്ടതെന്നും ചോദിച്ചു. ഡേവിസ് കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പും പേസ് അസോസിയേഷനെതിരെ വാക്ക് ശരങ്ങളുമായി എത്തിയിരുന്നു.

DONT MISS
Top