സ്‌കോര്‍പ്പീന്‍ ഡാറ്റാ ചോര്‍ച്ച; ഇന്ത്യയില്‍ നിന്നല്ല ചോര്‍ന്നതെന്ന് നാവികസേനാ മേധാവി

scorpene

ഫയല്‍ചിത്രം

മുംബൈ: സ്‌കോര്‍പ്പീന്‍ ഡാറ്റാ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ. സ്‌കോര്‍പ്പീന്‍ ഡാറ്റാ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ നടന്ന പ്രാരംഭ അന്വേഷണത്തില്‍ ഡാറ്റാ ചോര്‍ന്നത് ഫ്രാന്‍സിലെ പ്രതിരോധ കമ്പനിയായ ഡിസിഎന്‍എസിന്റെ ഓഫീസില്‍ നിന്നാണെന്ന് അഡ്മിറല്‍ സുനില്‍ ലാംബ വ്യക്തമാക്കി.

ഇന്ത്യയുടെ ഭാഗത്ത് നിന്നുമാണോ സ്‌കോര്‍പ്പീന്‍ മുങ്ങിക്കപ്പലിലെ വിവരങ്ങള്‍ ചോര്‍ന്നതെന്ന വിഷയത്തില്‍ അന്വേഷണം നടത്താന്‍ മേല്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അഡ്മിറല്‍ ലാംബ വ്യക്തമാക്കി. ഇന്ത്യന്‍ നിര്‍മ്മിത പടക്കപ്പലായ മൊര്‍മുഗൊയുടെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും അഡ്മിറല്‍ സുനില്‍ ലാംബ കൂട്ടിചേര്‍ത്തു. ഫ്രഞ്ച് സര്‍ക്കാറും ഡിസിഎന്‍എസും സംയുക്തമായി വിഷയത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും അവരുടെ അന്വേഷണത്തിന്റെ ഫലവും പരിശോധിച്ച ശേഷം മാത്രമെ വ്യക്തമായ ചിത്രം നല്‍കാന്‍ സാധിക്കുകയുള്ളു എന്നും ലാംബ അറിയിച്ചു.

ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡിസിഎന്‍എസ് രൂപകല്‍പന ചെയ്ത സാങ്കേതികവിദ്യയും പ്രവര്‍ത്തനരീതിയും അടങ്ങുന്ന 22,400 പേജുകളാണ് ചോര്‍ന്നത്. ഡിസിഎന്‍എസിന്റെ കരാറുകാരിലൊരാളും മുന്‍ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനുമാണ് 2011ല്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്നാണ് പ്രഥാമിക വിവരം. ഇവ തെക്കുകിഴക്കന്‍ ഏഷ്യയിലെ കമ്പനികളില്‍ എത്തിയെന്നും പിന്നീടാണ് ഓസ്‌ട്രേലിയയിലെ ഒരു കമ്പനിക്ക് ലഭിച്ചത്. ചോര്‍ന്നവയില്‍ നാലായിരത്തോളം പേജുകള്‍ ശത്രുകപ്പലുകള്‍ക്കെതിരേ തൊടുക്കുന്ന ടോര്‍പിഡോകളുടെ പ്രവര്‍ത്തനരീതിയെ കുറിച്ചുള്ളതാണ്. 66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമാണ് അന്തര്‍വാഹിനിയുടെ വിസ്തൃതി. 31 നാവികരാണ് പ്രവര്‍ത്തനം നിയന്ത്രിക്കുക.

ആറു മിസൈലുകളും ശത്രുകപ്പല്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ബോംബുകളും വഹിക്കുന്ന ടോര്‍പിഡോകളുമാണ് പ്രധാന പ്രത്യേകത. ശത്രുരാജ്യത്തിന്റെ മിസൈലുകളും കപ്പലുകളും കണ്ടെത്താനായുള്ള അത്യാധുനിക ഡിറ്റക്റ്ററുകളും ഇവയിലുണ്ടാവും. ടോര്‍പിഡോകളുടെ വിക്ഷേപണ സംവിധാനം, വിവിധ വേഗത്തില്‍ അന്തര്‍വാഹിനിയില്‍ നിന്നു പുറപ്പെടുന്ന ശബ്ദം, വെള്ളത്തിനിടയില്‍ എത്ര ആഴത്തില്‍ കിടക്കാം എന്നിവയ്ക്കു പുറമേ സെന്‍സറുകള്‍, ആശയവിനിമയം, ഗതിനിര്‍ണയം തുടങ്ങിയ തന്ത്രപ്രധാന വിവരങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെടും.

DONT MISS
Top